മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ പൊലീസിന്‍റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. സംഘത്തില്‍ നാല് പേരുണ്ടെന്നും ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും പൊലീസ് പറഞ്ഞു.
താടിയും മുടിയും വളർത്തി ഇൻസ്റ്റഗ്രാമിൽ വന്നു വീട്ടമ്മയോട് ശൃംഗാരം തുടങ്ങിയത് 28കാരനായ മഞ്ചേരി മുള്ളമ്പാറ സ്വദേശി തെക്കുംപുറം വീട്ടിൽ മുഹ്‌സിനാണ്. മഞ്ചേരി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട മുഹ്‌സിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ വധശ്രമം, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. ഇൻസ്റ്റഗ്രാമിൽ ന്യൂജെൻസ്റ്റൈലിൽ വന്ന മുഹ്സിനോട് ആദ്യമെല്ലാം അകൽച്ച പാലിച്ച യുവതി പിന്നീട് സൗഹൃദത്തിലായി. കുഞ്ഞുങ്ങളുള്ള യുവതിയുടെ ഭർത്താവ് പ്രവാസിയാണ്. ഇതുകൊണ്ടുതന്നെ രാത്രി സമയത്തെല്ലാം ആദ്യം ഇടതടവില്ലാതെ മെസ്സേജുകളയച്ചു.പിന്നീട് പലതവണകളായി അതി മാരകമായ സിന്തറ്റിക് ലഹരി അടക്കം വിവിധ ലഹരികള്‍ നല്‍കി ഇവരെ വരുതിയിലാക്കി.
യുവതിയെ ആദ്യം സ്വന്തമായും പിന്നീട് സുഹുത്തുക്കൾക്കും കാഴ്‌ച്ചവെച്ചത് എം.ഡി.എം.എ നൽകി മയക്കിയശേഷമായിരുന്നു. ഇത്തരത്തിൽ തനിക്കു അഞ്ചുതവണയോളം എം.ഡി.എം.എ നൽകിയതായാണ് യുവതി പൊലീസിനു നൽകിയ മൊഴി. ഇത് എം.ഡി.എം.എ ആണെന്നുപോലും ഇവർക്കു അറിയില്ലായിരുന്നു. കഴിഞ്ഞ ശേഷം ഉണ്ടായ മാറ്റങ്ങൾ കാരണം സംഭവം മയക്കുമരുന്നാണെന്ന് പിന്നീട് മനസ്സിലായെന്നും യുവതി മൊഴി നൽകി. അതേസമയം നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ഈ കേസിലെ മുഖ്യപ്രതി മുള്ളമ്പാറ സ്വദേശി പറകാടന്‍ റിഷാദ് പോലീസ് വീട് വളയുന്നതിനിടയില്‍ വീടിന്റെ ഓടുപൊളിച്ച് രക്ഷപെട്ടു.
മഞ്ചേരി എസ് ഐമാരായ വി ഗ്രീഷ്മ, കെ ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള മഞ്ചേരി പൊലീസും മലപ്പുറം ഡിവൈഎസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഐ കെ ദിനേഷ്, പി സലീം, ആർ ഷഹേഷ്, കെ കെ ജസീർ, കെ സിറാജുദ്ദീൻ എന്നിവരും മലപ്പുറം എസ് ഐ നിതിൻദാസ് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.