പെരിന്തൽമണ്ണ: അരക്കുപറമ്പിൽ പുതുവത്സരാഘോഷത്തിനിടെ ഡി.ജെ പാർട്ടി തടയാനെത്തിയ പൊലീസിനെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. അരക്കുപറമ്പ് കരിങ്കാളികാവ് കാട്ടുരായിൽ ബാലകൃഷ്ണൻ (37), അരക്കുപറമ്പ് കരിങ്കാളികാവ് കണ്ണാത്തിയിൽ ബാബുമോൻ (26) എന്നിവരാണ് പിടിയിലായത്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അരക്കുപറമ്പ് കരിങ്കാളികാവിൽ ക്ലബ് പ്രവർത്തകർ നടത്തിയ ഡി.ജെ പാർട്ടി സമയം വൈകിയും തുടരുന്നെന്നും സംഘർഷത്തിന് സാധ്യതയുണ്ടെന്നും വിവരം ലഭിച്ചതിനെ തുടർന്നാണ് ഡിസംബർ 31ന് രാത്രി പൊലീസ് എത്തിയത്.
എസ്.ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് പരിപാടി നിർത്തിവെപ്പിച്ച ശേഷം മൈക്ക് ഊരിമാറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. വാഹനം പുറപ്പെടുന്നിതിനിടെ ഒരുസംഘം പൊലീസ് വാഹനത്തിന് നേരെ തുടരെ കല്ലെറിഞ്ഞു. ഗ്രേഡ് എസ്.ഐ ഉദയകുമാർ, സീനിയർ പൊലീസ് ഓഫിസർ ഉല്ലാസ് എന്നിവർക്ക് കല്ലേറിൽ പരിക്കേറ്റിരുന്നു.
പൊലീസ് വാഹനത്തിനും കേടുപാടുകൾ പറ്റി. ബാബുമോനെ മേലെ കൊടക്കാടുള്ള ബന്ധുവീട്ടിൽനിന്ന് ബാലകൃഷ്ണനെ കരിങ്കാളികാവിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (ഒന്ന്) ഹാജരാക്കി റിമാൻഡ് ചെയ്തു. ബാക്കി പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
കേസിലെ മുഖ്യപ്രതി തൊണ്ടിയിൽ നിഷാന്തിനെ (30) ജനുവരി ഒന്നിന് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സി. അലവി, എസ്.ഐമാരായ യാസർ ആലിക്കൽ, തുളസി, എ.എസ്.ഐ വിശ്വംഭരൻ, എസ്.സി പി.ഒ. ജയമണി, എ.പി. ഷജീർ, സൽമാൻ ഫാരിസ്, ജയേഷ് കാഞ്ഞിരപ്പുഴ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.