തിരൂർ: ബുധനാഴ്ച രാവിലെ 6ന് തിരൂർ താഴേപ്പാലത്താണ് അപകടം നടന്നത്. അമിതവേഗത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഇടിച്ച് ഹോട്ടലിന്റെ മതിലും സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കും പൂർണമായി തകർന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന 2 പേർക്കു പരുക്കേറ്റു. കാർ വരുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഗുരുവായൂരിൽനിന്ന് വരികയായിരുന്ന കെഎൽ 14 ജെ 180 നമ്പർ കാർ താഴേപ്പാലം ജംക‍്ഷനിലേക്കുള്ള ഇറക്കത്തിനു മുൻപായി നിയന്ത്രണം വിടുകയായിരുന്നു. റോഡിൽനിന്ന് തെന്നി സമീപത്തെ ഹോട്ടലിനു മുന്നിലേക്ക് പാഞ്ഞുകയറിയ കാർ ആദ്യം ഇവിടെ നിർത്തിയിട്ടിരുന്ന കെഎൽ 65 എച്ച് 4906 ബുള്ളറ്റ് ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ മതിലിലും സ്ഥാപനത്തിന്റെ ബോർഡിലും ഇടിച്ചാണു നിന്നത്.
തൊട്ടടുത്തുണ്ടായിരുന്ന വൈദ്യുതക്കാലിൽ ഇടിക്കാഞ്ഞതിനാൽ ദുരന്തം ഒഴിവായി. കാറിന്റെ അമിതവേഗവും ഡ്രൈവർ ഉറങ്ങിയതുമാണ് അപകട കാരണമെന്നാണ് പൊലീസ് നിഗമനം. പരുക്കേറ്റവർ താനാളൂർ സ്വദേശികളാണ്.