മണിമൂളിയിൽനിന്ന് മോഷണം പോയ വാഹനം തമിഴ്നാട്ടിൽ കണ്ടെത്തി

മണിമൂളിയിൽനിന്ന് മോഷണം പോയ വാഹനം തമിഴ്നാട്ടിൽ കണ്ടെത്തി

നിലമ്പൂർ: വഴിക്കടവ് മണിമൂളിയിലെ സ്വകാര‍്യ സ്ഥാപനത്തിന്‍റെ മുറ്റത്ത് നിർത്തിയിട്ടിരിക്കെ കാണാതായ പിക്അപ് വാൻ തമിഴ്നാട്ടിൽ വിജനസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. മോഷണം പോയതിനെത്തുടർന്ന് വഴിക്കടവ് പൊലീസ് പിന്തുടരുന്നുണ്ടെന്ന സൂചന കിട്ടിയതോടെയാണ് സംഘം വാഹനം തിരുനെൽവേലിയിലെ വിജനമായ റോഡരികിൽ ഉപേക്ഷിച്ചത്. 10ാം നാളിലാണ് കണ്ടെത്തിയത്.

കഴിഞ്ഞ ഏഴിനാണ് ഉടമ വഴിക്കടവ് പൊലീസിൽ പരാതി നൽകിയത്. വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റ പ്രത‍്യേക അന്വേഷണസംഘത്തെ നിയമിച്ചു. സി.സി ടി.വി പരിശോധിച്ച് വാഹനം കടത്തിക്കൊണ്ടുപോയ റോഡ് മാർഗം പിന്തുടർന്ന് തമിഴ്നാട്ടിലെത്തി. പളനി, ഒട്ടഛത്രം, ഉടുമൽപേട്ട്, ഉസിലാംപട്ടി, വാടിക്കരപ്പട്ടി, ഡിണ്ഡിഗൽ, മധുര, കോവിൽപ്പട്ടി, ഗംഗൈകൊണ്ടാൻ എന്നീ പൊളി മാർക്കറ്റുകളിലും മറ്റും അന്വേഷിച്ചു. തിരുനെൽവേലിയിൽ വാഹനമെത്തി എന്ന് വ്യക്തമായി.

തിരുെനൽവേലിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് കോട്ടയത്തെ വൈക്കം പസ്റ്റേഷൻ പരിധിയിൽനിന്ന് ഫിഷറീസ് ഡിപ്പാർട്മെന്റിന്റെ ചുവപ്പ് ബൊലേറോ കാർ മോഷണം പോയതായി അറിഞ്ഞത്.തിരുനെൽവേലി പ്രദേശങ്ങളിലെ സി.സി ടി.വി പരിശോധിച്ചതിൽ വൈക്കത്തുനിന്ന് കളവുപോയ വാഹനവും ഇവിടെ എത്തിയതായി വഴിക്കടവ് പൊലീസ് കണ്ടെത്തി. അക്കാര്യം വൈക്കം സ്‌റ്റേഷനിൽ അറിയിച്ചു.

കോട്ടയം സ്ക്വാഡ് തിരുെനൽവേലിയിൽ എത്തി വഴിക്കടവ് അന്വേഷണ സംഘത്തോടൊപ്പം ചേർന്നു. ഇവിടെ അന്വേഷണം തുടരുന്നതിനിടെയാണ് വാഹനങ്ങൾ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.അന്വേഷണസംഘത്തിൽ വഴിക്കടവ് എസ്.ഐ ഒ.കെ. വേണു, എ.എസ്.ഐ കെ. മനോജ്, പൊലീസ് ഉദ‍്യോഗസ്ഥരായ റിയാസ് ചീനി, എസ്. പ്രശാന്ത് കുമാർ, വിനീഷ് മാന്തൊടി എന്നിവരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *