വേങ്ങര: ഊരകം പൂളാപ്പീസിൽ അനധികൃത ക്വാറിയിൽനിന്ന് പൊലീസ് സ്ഫോടകവസ്തുക്കളും വാഹനങ്ങളും പിടികൂടി. നാലുപേരെ അറസ്റ്റുചെയ്തു. പുകയൂർ വലിയപറമ്പിൽ ഹമീദ് (26), ചേറൂർ കിളിനക്കോട് തച്ചുപറമ്പൻ റാഷിദ് (26), തമിഴ്നാട് തിരുപ്പൂർ സ്വദേശി ജി. കാർത്തിക് (36), ഝാർഖണ്ഡ് സ്വദേശി പ്രമോദ് മിഞ്ച് (20) എന്നിവരാണ് പിടിയിലായത്.
ഒരുസുരക്ഷാ സംവിധാനവുമില്ലാതെ സൂക്ഷിച്ച 200 ജലാറ്റിൻ സ്റ്റിക്, 60 ഇലക്ട്രിക്കൽ ഡിറ്റനേറ്റർ, 100 ഓർഡിനറി ഡിറ്റനേറ്റർ, 50 മീറ്റർ ഫ്യൂസ് വയർ എന്നിവയാണ് പിടിച്ചെടുത്തത്.
കല്ലുകൾ കടത്താൻ ഉപയോഗിക്കുന്ന രണ്ട് എക്സ്കവേറ്റർ, രണ്ട് ടോറസ് ലോറി എന്നിവയും പിടികൂടിയിട്ടുണ്ട്. വേങ്ങര ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഹനീഫ, ഗ്രേഡ് എസ്. ഐ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ സിറാജ്, അനീഷ്, റാഷിനുൽ അഹ്സർ എന്നിവരാണ് പരിശോധനക്കെത്തിയത്.