വേങ്ങര: ഊരകം മർക്കസുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ റോയ് വർഗീസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലേക്ക് മാർച്ച് നടത്തി. ഈ അധ്യാപകൻ അധ്യാപനത്തിൽ വീഴ്ച വരുത്തുന്നെന്നും പ്രിൻസിപ്പലിനോട് അപമര്യാദയായി പെരുമാറുന്നുവെന്നുമാരോപിച്ച് പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാർത്തസമ്മേളനം നടത്തിയിരുന്നു. വെങ്കുളം അങ്ങാടിയിൽ നിന്ന് തുടങ്ങിയ മാർച്ച് സ്കൂൾ കവാടത്തിൽ വേങ്ങര സ്റ്റേഷൻ ഓഫിസർ പി.കെ. ഹനീഫയുടെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു.
പ്രതിഷേധം യു. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.കെ. ഉമ്മർ ഹാജി അധ്യക്ഷത വഹിച്ചു. എം.കെ. ഷറഫുദ്ദീൻ, വരേങ്ങൽ ഹാരിസ്, പി.ടി. മൊയ്തീൻകുട്ടി, ഹുസൈൻ ഊരകം, അഷ്റഫ്, ലത്തീഫ് പാലേരി, പാറക്കൽ മജീദ്, മുഹമ്മദ്, എൻ.കെ. റിയാസ്, ജാഫർ ഓവുങ്ങൽ എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണം -കെ.എസ്.ടി.എ
വേങ്ങര: ഊരകം മർകസുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ റോയ് വർഗീസിനെ മർദിച്ച പ്രിൻസപ്പലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ച് നടത്തി. റോയ് വർഗീസിന് അർഹതപ്പെട്ട ആനകൂല്യങ്ങൾ മുഴുവൻ നൽകി ജോലി ചെയ്യാൻ അനുവദിക്കണമെന്നും കോടതി ഉത്തരവ് മാനിക്കാൻ മാനേജ്മെൻറ് തയാറാകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. മാർച്ച് കെ.എസ്.കെ.ടി.യു ജില്ല ജോ. സെക്രട്ടറി കെ. മജ്നു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.ആർ. നാൻസി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ബദറുന്നിസ, ട്രഷറർ ടി.കെ.എ. ഷാഫി, എക്സിക്യൂട്ടിവ് അംഗം ആർ.കെ. ബിനു എന്നിവർ സംസാരിച്ചു. കെ.പി. ഹരിദാസൻ, സുരേഷ് കൊളശ്ശേരി, സി. ഷക്കീല, പി. രത്നാകരൻ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ല സെക്രട്ടറി പി.എ. ഗോപാലകൃഷ്ണൻ സ്വാഗതവും സബ് ജില്ല സെക്രട്ടറി എം. ഗംഗാധരൻ നന്ദിയും പറഞ്ഞു.