കൊണ്ടോട്ടി: ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് മന്ത്രി ആര്. ബിന്ദു. കൊണ്ടോട്ടി ഗവ. കോളജില്‍ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഹയര്‍ സെക്കന്‍ഡറി പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികള്‍ക്ക് ആവശ്യമായ കൂടുതല്‍ സീറ്റുകളും കോഴ്സുകളും അനുവദിക്കുന്നതിന് മലബാര്‍ മേഖലക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുകയെന്ന് മന്ത്രി പറഞ്ഞു.
കോളജിന് പുതിയ വനിത ഹോസ്റ്റല്‍ നിർമിക്കാൻ പ്ലാന്‍ ഫണ്ടില്‍നിന്ന് അഞ്ച് കോടി രൂപയും അക്കാദമിക്ക് ബ്ലോക്ക് നവീകരണത്തിന് 3.4 കോടിയും അനുവദിച്ചു. ഇതോടൊപ്പം കലാലയത്തില്‍ സ്പോർട്സ് കോംപ്ലക്സ് നിര്‍മിക്കുന്നതിന് 30 ലക്ഷം രൂപയുടെ പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അവർ പറഞ്ഞു.
നാലുനിലകളിലായി നിർമാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തില്‍ 14 ക്ലാസ് മുറികളാണുള്ളത്. സ്മാര്‍ട്ട് ക്ലാസ് മുറികള്‍ക്കാവശ്യമായ സൗകര്യങ്ങളോടെ നിര്‍മിച്ച കെട്ടിടത്തില്‍ നാല് ഡിപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടുന്ന പത്ത് ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കും. കെട്ടിടം യാഥാർഥ്യമായതോടെ കോളജില്‍ സെമിപെര്മെനന്റായി പ്രവര്‍ത്തിച്ച അഞ്ച് ക്ലാസ് മുറി ഇതിലേക്ക് മാറ്റും. ടി.വി. ഇബ്രാഹിം എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുൽ ലത്തീഫ്, കിറ്റ്കോ ജില്ല മേധാവി പി.എം. യൂസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇളങ്കയില്‍ മുംതാസ്, മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബുരാജ്, ജില്ല പഞ്ചായത്ത് അംഗം എം.പി. ശരീഫ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂര്‍ ഹാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം അസ്ലം, എം.പി. രജീഷ്, കെ.എം. ബിന്ദു, വേലായുധന്, എന്‍. ഉഷാദേവി, എം.സി. മുഹമ്മദ് ഷരീഫ്, കെ. നജുമുദ്ദീന്‍ അലി, കെ. ഇമ്പിച്ചിമോതി, പി. ശ്രീധരന്, അബ്ദുൽ മജീദ് നൂറേങ്ങല്‍, സുബ്രഹ്മണ്യന്, കെ.വി. അലവി ഹാജി, അബ്ദുല്ലക്കുട്ടി മാളിയേക്കല്‍, പി. നാരായണന്, ഡോ. ആബിദ ഫാറൂഖി തുടങ്ങിയവര്‍ പങ്കെടുത്തു.