തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ 2021ൽ 53 അസിസ്റ്റൻറ് പ്രഫസർമാരെ നിയമിച്ചത് സംവരണ ക്രമപ്പട്ടിക പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജികളിൽ ഹൈകോടതിയിൽ വാദം പൂർത്തിയായി.
രണ്ടു വർഷം നീണ്ട വാദം കേൾക്കൽ പൂർത്തിയായതോടെ ജസ്റ്റിസ് സിയാദ് റഹ്മാൻ കേസ് വിധി പറയാൻ മാറ്റി. സിൻഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് ഗവർണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 20ഓളം ഉദ്യോഗാർഥികൾ ഹൈകോടതിയെ സമീപിച്ചത്. ഭിന്നശേഷി വിഭാഗങ്ങൾക്ക് നൽകേണ്ട സംവരണം തെറ്റായ രീതിയിൽ നടപ്പാക്കിയതിനാൽ അർഹരായ 24 പേർക്ക് അവസരം നഷ്ടപ്പെട്ടെന്നായിരുന്നു വാദം. ഹൊറിസോണ്ടൽ രീതിയിൽ നടപ്പാക്കേണ്ട സംവരണം വെർട്ടിക്കൽ രീതിയിലാണ് സർവകലാശാലയിൽ നടപ്പാക്കിയത്. ഇത് ചട്ടങ്ങളുടെയും സുപ്രീം കോടതി വിധികളുടെയും ലംഘനമാണെന്നാണ് ഹരജിക്കാർ വാദിച്ചത്.
ഇതേ വാദമുന്നയിച്ച് ഹൈകോടതിയെ സമീപിച്ച ഡോ. കെ.പി. അനുപമക്ക് ജേണലിസം പഠനവകുപ്പിൽ നിയമനം നൽകാൻ ഡിവിഷൻ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർവകലാശാല സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. അതേസമയം, സംവരണ അട്ടിമറി കാരണം നിയമനം നഷ്ടപ്പെട്ട മൂന്ന് പട്ടികജാതി വിഭാഗ ഉദ്യോഗാർഥികൾ പട്ടികജാതി-പട്ടികവർഗ കമീഷനെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ അവർക്ക് നിയമനം നൽകാൻ സർവകലാശാലയോട് കമീഷൻ ഉത്തരവിട്ടിരുന്നു.
എന്നാൽ, ഉത്തരവ് നടപ്പാക്കിയിട്ടില്ല. അസോസിയറ്റ് പ്രഫസർ, പ്രഫസർ നിയമനങ്ങളിലും ഇതേ വാദം ഉന്നയിച്ച് ഹൈകോടതിയിൽ ഉദ്യോഗാർഥികൾ ഹരജി ഫയൽ ചെയ്തിട്ടുണ്ട്. മുതിർന്ന അഭിഭാഷകരായ ജോർജ് പൂന്തോട്ടം, പി. രവീന്ദ്രൻ എന്നിവരാണ് ഹരജിക്കാർക്കു വേണ്ടി ഹാജരായത്.