മഞ്ചേരി: വർഷങ്ങളായി മഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷ മഞ്ചേരി സർക്കിൾ ഓഫിസ് കുടിയിറക്ക് ഭീഷണിയിൽ. കെട്ടിടം ഒഴിയാൻ കോടതിവിധിയും വന്നതോടെ പുതിയ ഓഫിസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ജീവനക്കാർ. 19 വർഷമായി മഞ്ചേരി ടൗൺ ഹാളിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.
കെട്ടിടം ഒഴിയണമെന്ന് ഉടമ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മറ്റൊരു ഇടം ലഭിക്കാതിരുന്നതിനാൽ ഓഫിസ് ഒഴിയാൻ സാധിച്ചില്ല. ഇതോടെ ഉടമ കോടതിയെ സമീപിച്ചു. കെട്ടിടം അടിയന്തരമായി ഒഴിഞ്ഞുകൊടുക്കണമെന്ന് കഴിഞ്ഞ മാസം 10ന് മഞ്ചേരി മുൻസിഫ് കോടതിയും ഉത്തവിട്ടു. ഇതോടെ ഓഫിസ് പ്രവർത്തിക്കാൻ പുതിയ സ്ഥലം തേടുകയാണ് ഭക്ഷ്യസുരക്ഷ വകുപ്പ്.
മഞ്ചേരി നിയോജക മണ്ഡലമാണ് സർക്കിൾ ഓഫിസിന്റെ പ്രവർത്തന പരിധി. മഞ്ചേരി കേന്ദ്രീകരിച്ച് തന്നെ പുതിയ ഓഫിസ് പ്രവർത്തിക്കണമെന്നാണ് അധികൃതരുടെ താൽപര്യം. മിനി സിവിൽ സ്റ്റേഷനിൽ ഓഫിസിന് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ ജില്ല കലക്ടറെയും ഏറനാട് തഹസിൽദാറെയും സമീപിച്ചിരുന്നു. സിവിൽ സ്റ്റേഷനിൽ ആവശ്യമായ സ്ഥലം ഒഴിഞ്ഞുകിടക്കുന്നില്ലെന്നാണ് മറുപടി ലഭിച്ചത്.
സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു കെട്ടിടങ്ങളിലും അനുയോജ്യമായ സ്ഥലം ഒഴിവില്ല. ഇതോടെ നഗരസഭയെ സമീപിച്ചിരിക്കുകയാണ് ഭക്ഷ്യസുരക്ഷ വിഭാഗം. മഞ്ചേരി നഗരസഭയുടെ ഉടമസ്ഥതയിലള്ള ഏതെങ്കിലും കെട്ടിടത്തിൽ ഓഫിസ് പ്രവർത്തിക്കാൻ ആവശ്യമായ സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. 2029 രൂപയാണ് മാസ വാടക. ഇത് വർഷത്തിലൊരിക്കലാണ് നൽകുന്നത്.
ഒരു തവണ അക്കൗണ്ട് വിവരങ്ങളിലെ പിശകിനെ തുടർന്ന് വാടക തുക സർക്കാറിലേക്ക് മടക്കുകയും ചെയ്തു. മെഡിക്കൽ കോളജ് പരിസരത്തെ സ്വകാര്യ കെട്ടിടത്തിലായിരുന്നു ആദ്യം ഓഫിസിന്റെ പ്രവർത്തനം. പിന്നീട് ജില്ല മെഡിക്കൽ ഓഫിസറുടെ ഓഫിസ് മലപ്പുറത്തേക്ക് മാറിയപ്പോൾ ഇതിലേക്ക് മാറി. ഈ കെട്ടിടം മെഡിക്കൽ കോളജ് ഏറ്റെടുത്തതോടെ ഇവിടെ നിന്നും മാറേണ്ടി വന്നു. കെട്ടിടം ഒഴിയാൻ സാവകാശം തേടി കോടതിയെ സമീപിക്കാനാണ് ഭക്ഷ്യസുരക്ഷ അധികൃതരുടെ തീരുമാനം.