തിരൂരങ്ങാടി: സബ് ആര്.ടി ഓഫിസിലെ വ്യാജ ആര്.സി കേസില്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ഓഫിസ് ജീവനക്കാരായ കോട്ടക്കല്‍ പുത്തൂര്‍ സ്വദേശി പ്രശോഭ്, എ.ആര് നഗര്‍ കൊളപ്പുറം സ്വദേശി മറിയാമു, തിരൂരങ്ങാടി സ്വദേശി നജീബ് എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് ചോദ്യം ചെയ്തത്. വരും ദിവസങ്ങളില്‍ ജോയന്റ് ആര്.ടി.ഒ ഉള്‍പ്പെടെ മറ്റുള്ളവരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം ജോയന്റ് ആര്.ടി.ഒ സി.പി. സക്കരിയ്യ മെഡിക്കല്‍ ലീവില്‍ പ്രവേശിച്ചിരിക്കുകയാണ്. തിരൂര്‍ ജോയന്റ് ആര്.ടി.ഒ സാജു ബക്കറിനാണ് പകരം ചുമതല. വ്യാജ ആര്.സി നിര്‍മാണത്തിലെ പ്രധാന കണ്ണിയായ പരപ്പനങ്ങാടി ഉള്ളണം മുണ്ടിയാന്‍കാവ് സ്വദേശി കരുവാടത്ത് നിസാര്‍(37), മിനി സിവില്‍ സ്റ്റേഷന് അടുത്തുള്ള ടാര്‍ജറ്റ് ഓണ്‍ലൈന്‍ ഷോപ്പ് ഉടമയും പെരുവള്ളൂര്‍ കരുവാന്കല്ല് പാലന്‍തോടു താമസക്കാരനുമായ നഈം(28), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കല്‍ ഫൈജാസ് (32) എന്നിവരാണ് നേരത്തെ പൊലീസ് പിടിയിലായത്.
നിസാറിനെ ചോദ്യം ചെയ്തതില്‍നിന്ന് ആര്.ടി ഓഫിസിലെ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന മൊഴി പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ ചോദ്യം ചെയ്യുന്നത്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും തിരൂരങ്ങാടി സി.ഐ കെ.ടി. ശ്രീനിവാസന് പറഞ്ഞു.