മഞ്ചേരി: കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മാധവ്പുര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി (36) കൊല്ലപ്പെട്ട കേസില്‍ വിചാരണയുടെ രണ്ടാം ദിവസവും സാക്ഷികൾ കൂറുമാറി. അഞ്ചാം സാക്ഷി തവനൂർ ഒന്നാം മൈലിൽ സ്വദേശി കാഞ്ഞിരപ്പിലാക്കൽ അഖിൽ, ഏഴാം സാക്ഷി കാഞ്ഞിരപ്പിലാക്കൽ ദേവദാസ് എന്നിവരാണ് കൂറുമാറിയത്.
രണ്ട് സാക്ഷികളും സംഭവസ്ഥലത്തുണ്ടായിരുന്നു. എന്നാൽ, മജിസ്ട്രേറ്റിന് നൽകിയ മൊഴിയാണ് ഇരുവരും മാറ്റിയത്. ആദ്യദിവസം മൂന്നാം സാക്ഷി കുഴിക്കാട്ട് തൊടിക കെ.വി. ജലീൽ കൂറുമാറിയിരുന്നു.
മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി ടി.ജി വര്‍ഗീസ് മുമ്പാകെയാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്. കേസിൽ 123 സാക്ഷികളാണുള്ളത്. വിചാരണ ബുധനാഴ്ചയും തുടരും. ആകെ ഒമ്പത് പ്രതികളാണുള്ളത്.
2023 മേയ് 13നായിരുന്നു സംഭവം. അര്‍ധരാത്രിയില്‍ കിഴിശ്ശേരി തവനൂര്‍ ഒന്നാംമൈലില്‍ മുഹമ്മദ് അഫ്‌സലിന്റെ വീട്ടുമുറ്റത്തെത്തിയ രാജേഷ് മാഞ്ചിയെ മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. വടികള്‍, പട്ടികക്കഷ്ണങ്ങള്‍, പ്ലാസ്റ്റിക് പൈപ്പ് എന്നിവയുപയോഗിച്ച് രണ്ട് മണിക്കൂറോളം മര്‍ദിച്ച് കൊലപ്പെടുത്തി. മോഷണത്തിനായെത്തിയ പ്രതി കെട്ടിടത്തിനു മുകളില്‍നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രതിഭാഗം വാദം.