പോത്തുകല്ല്/നിലമ്പൂർ: മുണ്ടക്കൈ ഉരുൾപൊട്ടലിനെതുടർന്ന് ചാലിയാർ പുഴയിൽനിന്ന് വ‍്യാഴാഴ്ച ആറു മൃതദേഹങ്ങളും 20 ശരീരഭാഗങ്ങളും കണ്ടെത്തി. മൃതദേഹങ്ങളിൽ മൂന്നെണ്ണം പുരുഷന്മാരുടേതും മൂന്നെണ്ണം സ്ത്രീകളുടേതുമാണ്. മൂന്നു ദിവസങ്ങളിലായി ഇതിനകം ചാലിയാറിൽനിന്ന് കണ്ടെടുത്തത് 58 മൃതദേഹങ്ങളും 95 ശരീരഭാഗങ്ങളുമാണ്.
ഇതിൽ 32 എണ്ണം പുരുഷന്മാരുടേതും 23 എണ്ണം സ്ത്രീകളുടേതും രണ്ട് ആൺകുട്ടികളുടേതും ഒരു പെൺകുട്ടിയുടേതുമാണ്. പൊലീസ്, അഗ്നിരക്ഷാസേന, എൻ.ഡി.ആർ.എഫ്, വനം വകുപ്പ്, സന്നദ്ധസംഘടനകൾ, നാട്ടുകാർ, വളന്റിയർമാർ എന്നിവർ ചേർന്ന് മൂന്നു ദിവസമായി നടത്തിയ തിരച്ചിലിലാണ് ഇവ ലഭിച്ചത്.
146 മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. 146 എണ്ണം മേപ്പാടി സി.എച്ച്.സിയിലേക്കും വൈത്തിരി എം.സി.എച്ച് ആശുപത്രിയിലേക്കും കൊണ്ടുപോയി. മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുത്തു. ബാക്കി ഏഴെണ്ണത്തിന്‍റെ പോസ്റ്റ്മോർട്ടം ജില്ല ആശുപത്രിയിൽ പുരോഗമിക്കുന്നു.
വ‍്യാഴാഴ്ച ചാലിയാറിൽ എടവണ്ണ, ഒതായി, മമ്പാട്, കുണ്ടുതോട്, കൊളപ്പാട്, പാവണ്ണ തുടങ്ങിയ മേഖലകളിലും തിരച്ചിൽ നടത്തി. പോത്തുകല്ലിൽ തണ്ടർബോൾട്ടും പൊലീസും വനംവകുപ്പും എമർജൻസി റെസ്ക്യൂ ഫോഴ്സും ചേർന്ന് ഉൾവനത്തിൽ നടത്തിയ പരിശോധനയിലാണ് 12 മൃതദേഹാവശിഷ്ടങ്ങൾകൂടി കണ്ടെത്തിയത്. ഇതിൽ രണ്ടെണ്ണം തിരിച്ചറിയാവുന്ന അവസ്ഥയിലാണ്. ചെങ്കുത്തായ കാട്ടിൽ വ്യാഴാഴ്ച രാവിലെ എട്ടിന് സാഹസികമായി തിരച്ചിലിന് പുറപ്പെട്ട സംഘം തിരിച്ചെത്തിയത് വൈകീട്ട് ആറോടെയായിരുന്നു.
പോത്തുകല്ലിൽനിന്ന് ചാലിയാറിന്റെ ഇരുകരകളിലൂടെയും സഞ്ചരിച്ച് ഉൾവനത്തിൽ കയറിയ സംഘം 12 കിലോമീറ്ററോളം നടന്നാണ് വയനാട് ജില്ലയുടെ അതിർത്തിയിലെത്തിയത്. അവിടെനിന്നാണ് മലപ്പുറം ജില്ലയുടെ പരിധിയിൽ വരുന്ന ഭാഗത്ത് തിരച്ചിൽ നടത്തിയത്.