പരപ്പനങ്ങാടി: ട്രോമാകെയർ വളന്റിയറും പാലിയേറ്റിവ് പ്രവർത്തകനുമായ കെ.എം.എ. ഹാഷിം 69ാം പിറന്നാൾ നാലു കിലോമീറ്റർ പിറകോട്ട് നടന്ന് ആഘോഷിച്ചു. വിദ്യാർഥികൾക്കെതിരെ പെരുകി വരുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന മുദ്രാവാക്യമുയർത്തിയാണ് ജന്മദിനത്തിൽ അധികാരികളുടെ ശ്രദ്ധ ക്ഷണിച്ചത്. തന്റെ നെഞ്ചിലും പുറത്തും മുദ്രവാക്യങ്ങൾ പതിപ്പിച്ച് നടത്തിയ റിവേഴ്സ് വാക്ക് നാടിന്റെ ശ്രദ്ധ പിടിച്ചു പറ്റി. ചിറമംഗലം അങ്ങാടിയിൽ തുടങ്ങിയ പ്രതിഷേധ നടത്തം പരപ്പനങ്ങാടി മിനി പാർക്കിൽ സമാപിച്ചു.
നഗരസഭാ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് ഹാഷിമിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. വഴിയിലുടനീളം വിദ്യാർഥികളും കച്ചവടക്കാരും അഭിവാദ്യം ചെയ്തു. നഗരസഭ സ്ഥിരംസമിതി ചെയർമാൻ പി.വി. മുസ്തഫ, പി.കെ. മുനീർ, നിയാസ് അഞ്ചപ്പുര, ഖാജ മുഹിയദ്ദീൻ എന്നിവർ ഹാരമണിയിച്ചു. ട്രോമാകെയർ ജില്ല കമ്മിറ്റി അംഗം ഗഫൂർ തമന്നേ, ലീഡർമാരായ കെ.ടി. പ്രസാദ്, മുനീർ സ്റ്റാർ, ഫായിസ് തറയിൽ, ഹബീബ്ദിൽദാർ, റാഫി ചെട്ടിപ്പടി എന്നിവർ പിന്തുടർന്നു.