തിരൂർ: തുഞ്ചൻപറമ്പിൽ ഒരുമാസം നീണ്ടുനിൽക്കുന്ന രാമായണ മാസാചരണത്തിനും പ്രഭാഷണ പരമ്പരക്ക് തുടക്കം. ഭക്തിയെ ജനാധിപത്യവത്കരിക്കുകയാണ് രാമായണത്തിലൂടെ എഴുത്തച്ഛൻ ചെയ്തതെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. രാമായണ മാസാചരണത്തിന്റെ ഭാഗമായി തുഞ്ചൻപറമ്പിൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് നടത്തിയ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് ക്ഷേത്രം നിഷേധിക്കപ്പെട്ടവർക്കും ഈശ്വര സാക്ഷാത്കാരം സാധിക്കാമെന്നതായിരുന്നു എഴുത്തച്ഛന്റെ രാമായണത്തിന്റെ പ്രസക്തി. അതൊരു വിപ്ലവകരമായ കാര്യമാണ്.
തുഞ്ചത്തെഴുത്തച്ഛൻ ഭക്തിയെ വിമോചന മാർഗമായി കാണുകയും സമരായുധമാക്കുകയും ചെയ്തു. ഏഷ്യയുടെ മൊത്തം കഥാസംസ്കൃതിയാണ് രാമായണമെന്നും ലീലാകൃഷ്ണൻ കൂട്ടിച്ചേർത്തു. തുഞ്ചൻ ട്രസ്റ്റ് അംഗം പി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. കെ.എസ്. വെങ്കിടാചലം, എം. വിക്രമകുമാർ എന്നിവർ സംസാരിച്ചു.