മലപ്പുറം: പ്ലസ് വൺ മൂന്നാംഘട്ട അലോട്ട്മെന്റ് പട്ടിക ബുധനാഴ്ച പുറത്ത് വരാനിരിക്കെ ജില്ലയിലെ അപേക്ഷകളുടെ ആശങ്കക്ക് പരിഹാരമായില്ല. നിലവിലുള്ള കണക്ക് പ്രകാരം 46,944 വിദ്യാർഥികളാണ് പ്രവേശനത്തിനായി കാത്തിരിക്കുന്നത്.
14,705 സീറ്റുകൾ മാത്രമാണ് പ്രവേശനത്തിനായി ബാക്കിയുള്ളത്. ഈ പട്ടിക പൂർത്തിയാക്കിയാൽ 32,239 പേരുടെ സീറ്റ് ആശങ്ക പരിഹരിക്കാതെ കിടക്കും. ജില്ലയിലാകെ 82,446 അപേക്ഷകരാണ് പ്ലസ് വണ്ണിനുള്ളത്. ഇതിൽ ഭിന്നശേഷി വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി ആകെ 50,207 സീറ്റിലേക്കാണ് അലോട്ട്മെന്റ് നടക്കുന്നത്. ബാക്കി വരുന്നവരുടെ തുടർ പഠനം സംബന്ധിച്ച് വ്യക്തയില്ലാത്ത സ്ഥിതിയുണ്ട്.
പണം മുടക്കി അൺ എയ്ഡഡ് മേഖലയോ, സമാന്തര വിദ്യാഭ്യാസ മേഖലയോ ആശ്രയിക്കേണ്ട സ്ഥിതിയുണ്ട്. നിലവിൽ സീറ്റ് ലഭ്യതക്കുറവ് കാരണം മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികൾക്ക് അടക്കം ഇഷ്ട കോഴ്സ് ലഭിക്കാത്ത സ്ഥിതിയുണ്ട്.
ആദ്യഘട്ട അലോട്ട്മെന്റിൽ 36,393 പേർക്കാണ് പ്രവേശനത്തിന് അവസരം ലഭിച്ചത്. ഇതിൽ 33,170 വിദ്യാർഥികൾ പ്രവേശനം നേടി. രണ്ടാം അലോട്ട്മെന്റ് പട്ടിക പുറത്ത് വന്നപ്പോൾ ജില്ലയിൽ പുതുതായി 2,437 പേർക്ക് മാത്രമായിരുന്നു സീറ്റ് ലഭിച്ചത്.
ഇതിൽ 2,332 പേർ പ്രവേശനം നേടി. മൂന്നാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ് വരുമ്പോൾ സേ പരീക്ഷ എഴുതിയവർക്കും നേരത്തെ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും പുതിയ അപേക്ഷ നൽകാൻ അവസരം ലഭിക്കും. ഇതോടെ അപേക്ഷകരുടെ എണ്ണം ഇനിയും ഉയരും.