മഞ്ചേരി: സൂപ്പർ കപ്പിന് പയ്യനാട് സ്റ്റേഡിയം ഒരുങ്ങി. ഏപ്രിൽ മൂന്ന് മുതൽ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ഒരുക്കം വിലയിരുത്താൻ വെള്ളിയാഴ്ച സ്റ്റേഡിയത്തിൽ യോഗം ചേർന്നു. സംഘാടക സമിതിയുടെ ചീഫ് കോ ഓഡിനേറ്ററും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) പ്രതിനിധിയുമായ മൈക്കിൾ ആൻഡ്രൂസിന്റെ നേതൃത്വത്തിലാണ് ഒരുക്കം വിലയിരുത്തിയത്.നേരത്തെ രൂപവത്കരിച്ച സബ് കമ്മിറ്റികളുടെ പ്രതിനിധികളും അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. മാർച്ച് 31നകം സ്റ്റേഡിയത്തിലെ മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കി എ.ഐ.എഫ്.എഫിന് കൈമാറും. മൈതാനം മികച്ച രീതിയിൽ പരിപാലിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് ശേഷം ഒരു വർഷം പിന്നിട്ടിട്ടും മൈതാനത്തിന് കാര്യമായ പ്രശ്നങ്ങളില്ല. പുതിയ പുല്ലുകൾ വെച്ചുപിടിപ്പിച്ചാണ് സ്റ്റേഡിയം ഒരുക്കുന്നത്. യോഗ്യത അടക്കം 19 മത്സരങ്ങളാണ് പയ്യനാട്ട് നടക്കുക. അതുകൊണ്ട് തന്നെ മത്സരങ്ങൾക്കിടെ പറിഞ്ഞുപോരുന്ന പുല്ലുകൾക്ക് പകരം പുതിയത് കേരളത്തിന് പുറത്തുനിന്ന് എത്തിക്കാനും തീരുമാനമുണ്ട്.
കഴിഞ്ഞ ദിവസം ഫ്ലഡ് ലിറ്റിന്റെ ട്രയൽ റൺ നടത്തി. മത്സരത്തിനാവശ്യമായ 1400 ലക്സസ് ലൈറ്റ് സ്റ്റേഡിയത്തിൽ സജ്ജമാണ്. സ്റ്റേഡിയത്തിൽ നടത്തേണ്ട ഒരുക്കങ്ങളും സംഘം വിലയിരുത്തി. ടീമുകളെ സ്റ്റേഡിയത്തിലേക്ക് എത്തിക്കാനുള്ള വാഹന സൗകര്യം, താമസം, പരിശീലന മൈതാനം എന്നിവയും യോഗത്തിൽ ചർച്ചയായി.
പയ്യനാട്ട് കളിക്കാനെത്തുന്ന എട്ട് ടീമുകൾക്ക് മഞ്ചേരിയിലും മലപ്പുറത്തുമായി താമസ സൗകര്യം ഒരുക്കും. കോട്ടപ്പടി, കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ രണ്ട് സ്റ്റേഡിയം, കോഴിക്കോട് ദേവഗിരി കോളജ് സ്റ്റേഡിയം, മെഡിക്കൽ കോളജ് സ്റ്റേഡിയം എന്നിവയാണ് പരിശീലനത്തിനായി കണ്ടെത്തിയിട്ടുള്ളത്. രാത്രിയും പരിശീലനം നടത്താൻ സ്റ്റേഡിയത്തിൽ താൽക്കാലികമായി ലൈറ്റുകളും സജ്ജമാക്കും.
ഏപ്രിൽ നാലിന് എ.ടി.കെ മോഹൻ ബഗാൻ ടീമെത്തും. മറ്റു ടീമുകളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഒട്ടേറെ വിദേശ കോച്ചുമാരും കളിക്കാരും എത്തുന്ന ടൂർണമെന്റിന് പഴുതുകളില്ലാത്ത സംഘാടനമാണ് കേരള ഫുട്ബാൾ അസോസിയേഷനും ജില്ല ഫുട്ബാൾ അസോസിയേഷനും നടത്തുന്നത്.കെ.എഫ്.എ വൈസ് പ്രസിഡന്റും സംഘാടക സമിതിയുടെ ജനറൽ കൺവീനറുമായ കാഞ്ഞിരാല അബ്ദുൽ കരീം, കൺവീനർ മുഹമ്മദ് സലീം, ഓർഗനൈസിങ് സെക്രട്ടറി ഡോ. സുധീർ ബാബു, റിട്ട. ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം, കെ.എ. നാസർ, കൃഷ്ണനാഥ്, സുരേന്ദ്രൻ, മൻസൂർ അലി, ഹബീബ് റഹ്മാൻ, സുരേഷ്, കമാൽ നിലമ്പൂർ എന്നിവർ പങ്കെടുത്തു.