നിലമ്പൂർ: കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ വൈലാശ്ശേരി വനഭൂമിയിൽനിന്ന് പുള്ളിമാനെ വേട്ടയാടി ജഡവുമായി ബൈക്കിൽ മടങ്ങുന്നതിനിടെ യുവാവ് വനം വകുപ്പിന്റെ പിടിയിൽ. കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു. എരുമമുണ്ട ചെമ്പൻകൊല്ലി കണ്ടംചിറ അയ്യൂബ് (28) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്ത് മുജീബാണ് ബൈക്കിൽനിന്ന് ഓടിരക്ഷപ്പെട്ടത്.
വ്യാഴാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. ചാക്കിൽക്കെട്ടിയ പുള്ളിമാന്റെ ജഡം, ബാഗിൽ സൂക്ഷിച്ച നാടൻ തോക്ക്, വെടിയുണ്ട, രണ്ട് ഇലക്ട്രോണിക് ത്രാസ്, പ്ലാസ്റ്റിക് കവറുകൾ, രണ്ട് ഹെഡ് ലൈറ്റ്, പെൻ ടോർച്ച്, നാല് കത്തികൾ, കത്തി മൂർച്ചകൂട്ടുന്ന അരം എന്നിവയും ബൈക്കും പിടിച്ചെടുത്തു.
വേട്ടക്കാരെന്ന് തോന്നിക്കുന്ന രണ്ടുപേർ ബൈക്കിൽ കാട്ടിൽ കയറിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് റേഞ്ച് ഓഫിസർ മുഹമ്മദലി ജിന്ന, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ. ഗിരീശൻ എന്നിവരുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫിസർ സി.എം. സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ടി. ഷാക്കിർ, എൻ.കെ. രതീഷ്, എം. സുധാകരൻ, എൻ. ആഷിഫ്, സി.പി.ഒ അർജുൻ എന്നിവർ കാട്ടിൽ കയറുകയും പ്രതികളെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.