കോട്ടക്കൽ: കാറിൽ ഉരസി നിർത്താതെപോയ സ്വകാര്യ ബസിന്റെ താക്കോൽ കാറുടമ കൊണ്ടുപോയെന്ന് ബസ് ഉടമയുടെ പരാതി. ദേശീയപാത കടന്നുപോകുന്ന എടരിക്കോട് നഗരമധ്യത്തിൽ ബസ് കുടുങ്ങി. യാത്രക്കാർ പെരുവഴിയിലുമായി. കാറുടമയുടെ മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
ചെമ്മാട് -കോട്ടക്കല്‍ പാതയില്‍ സർവിസ് നടത്തുന്ന സി.പി ഗ്രൂപ്പിന്റെ ബസിനാണ് പണികിട്ടിയത്. കോട്ടക്കലിലേക്ക് വരുന്ന വഴിക്ക് കോഴിച്ചെനക്ക് സമീപം ബസ് ഉരസിയതിനെ തുടര്‍ന്ന് കാറിന്റെ ഗ്ലാസിന് കേടുപാടുകള്‍ സംഭവിച്ചതായാണ് പറയുന്നത്. നിര്‍ത്താതെപോയ ബസ് പിന്തുടര്‍ന്ന കാറുടമ എടരിക്കോട് വെച്ച് ബസ് തടയുകയായിരുന്നു.
തുടര്‍ന്ന് ഡ്രൈവര്‍മാര്‍ തമ്മില്‍ വാക്തര്‍ക്കവും കൈയാങ്കളിയും ഉണ്ടായി. പിന്നാലെ കാര്‍ ഡ്രൈവര്‍ വാഹനമോടിച്ച് പോകുകയും ചെയ്തു. ശേഷമാണ് ബസിന്റെ താക്കോല്‍ കാണാതാകുന്നത്. ഇതോടെ പെരുവഴിയിലായ യാത്രക്കാര്‍ മറ്റു യാത്രമാര്‍ഗങ്ങള്‍ തേടുകയായിരുന്നു.പാതയില്‍ ഗതാഗതക്കുരുക്കുണ്ടായതോടെ പൊലീസും സ്ഥലത്തെത്തി.
കാറുടമ മര്‍ദിച്ചെന്നും താക്കോല്‍ ഊരി കടന്നുകളഞ്ഞെന്നും കാണിച്ച് ഡ്രൈവര്‍ ഫര്‍ഹാനാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ബസുടമ ഇര്‍ഷാദിന്റെ പരാതിയിലാണ് കോട്ടക്കല്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. സ്പെയര്‍ താക്കോല്‍ ഉപയോഗിച്ച് രാത്രിയോടെയാണ് ബസ് സംഭവസ്ഥലത്തുനിന്ന് മാറ്റിയത്. സംഭവത്തിൽ ഇരുകൂട്ടരെയും വെള്ളിയാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.