കാളികാവ്: മങ്കുണ്ടിലും കല്ലാമൂലയിലും ജലസ്രോതസ്സുകളിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ മൂന്നുപേരെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശികളായ കട്ടേക്കാട് മജീദ് (46), പാറക്കത്തൊടി ഫാരിസ് (28), പാണ്ടിക്കാട് സ്വദേശി മുഹമ്മദ് റിയാസ് (23) എന്നിവരെയാണ് പിടികൂടിയത്. കാളികാവിനടുത്ത മങ്കുണ്ടിലും കല്ലാമൂല ചെറിയ പാലത്തിനടിയിലും ബുധനാഴ്ച രാത്രിയാണ് മാലിന്യം തള്ളിയത്. അമരമ്പലം പാലത്തിന് സമീപത്തും ഇവർ മാലിന്യം തള്ളിയിട്ടുണ്ട്. രണ്ട് പുഴകളും ഒറ്റ രാത്രികൊണ്ടാണ് മലിനമാക്കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
കാളികാവ് സബ് ഇൻസ്പെക്ടർ വി. ശശിധരൻ പിള്ള, സി.പി.ഒമാരായ വി.കെ. അജിത്, കെ.എസ്. ഉജേഷ്, വി. മനു ശ്രീധരൻ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.