കരുളായി: നെടുങ്കയം വനത്തിൽ മയക്കുവെടി വെച്ച് ചികിത്സ നൽകിയ പിടിയാന ചെരിഞ്ഞു. പട്ടുക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുണ്ടക്കടവ് തേക്ക് പ്ലാന്റേഷന് സമീപം മുൻ കാലിന് പരുക്കേറ്റ ആനക്ക് ഒക്ടോബർ 11നാണ് ചികിത്സ നൽകിയത്. വ്യാഴാഴ്ച ഉച്ചക്ക് 12നാണ് ആന ചരിഞ്ഞത്. ഏകദേശം പത്തുവയസ് പ്രായമായ പിടിയാനയെ കഴിഞ്ഞ രണ്ടിനാണ് വനപാലകർ കാലിൽ മുറിവേറ്റ നിലയിൽ കണ്ടത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ ഒമ്പതിന് വയനാട് ആർ.ആർ.ടിയിലെ വനം വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ, നിലമ്പൂർ ഫോറസ്റ്റ് അസി. വെറ്ററിനറി സർജൻ ഡോ. എസ്. ശ്യാം, ഡോ. നൗഷാദലി എന്നിവരുടെ നേതൃത്വത്തിലുള്ള 11 അംഗ വിദഗ്ധ സംഘം ആനക്ക് മയക്കു വെടി വെച്ച് ചികിത്സ നൽകിയിരുന്നു.
കാട്ടാനകൾ തമ്മിലുള്ള പോരിനിടെയുണ്ടായ പരിക്കിൽ മുൻഭാഗത്തെ കാലിന്റെ എല്ല് പൊട്ടിയ അവസ്ഥയിലായിരുന്നു. കൂടാതെ മുൻ കാലിന്റെ മുട്ടിന്റെ ഭാഗത്തെ സന്ധി വേർപെടുകയും ചെയ്തിരുന്നു. പരിക്ക് ഗുരുതരമായതിനാൽ ആരോഗ്യ സ്ഥിതി അനുദിനം വഷളാവുകയും ആന ചരിയുകയും ചെയ്തു.
ആനയുടെ പോസ്റ്റ് മോർട്ടം നടത്തി. വിദഗ്ധ പരിശോധനക്കായി ആന്തരികാവയ വങ്ങൾ ശേഖരിച്ചു. കരുളായി വനം റേഞ്ച് ഓഫിസർ പി.കെ. മുജീബ് റഹ്മാൻ, പട്ടുക്ക ഡെപ്യുട്ടി റേഞ്ച് ഓഫിസർ അംജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടപടിക സ്വീകരിച്ച് വന ത്തിൽ സംസ്കരിച്ചു.