തിരൂർ: മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരൂർ ജില്ല ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഓപറേഷൻ തിയറ്റർ തുറക്കാൻ നടപടി. കഴിഞ്ഞ ദിവസം ചേർന്ന എച്ച്.എം.സി യോഗത്തിലാണ് ജനുവരി 14നുള്ളിൽ ഓപറേഷൻ തിയറ്ററിന്റെ നിർമാണം പൂർത്തിയാക്കാൻ കരാറുകാർക്ക് അന്ത്യശാസനം നൽകിയത്.
ആശുപത്രിയിലെ ഓപറേഷർ തിയറ്റർ അഗ്നിക്കിരയായതോടെയാണ് പുതിയ തിയറ്ററിന്റെ ആവശ്യമുയർന്നത്. സി. മമ്മുട്ടി എം.എൽ.എ ആയിരുന്നപ്പോൾ ഇതിന്റെ നിർമാണത്തിനായി എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഉപകരണങ്ങൾ വാങ്ങാൻ ജില്ല പഞ്ചായത്ത് 40 ലക്ഷം രൂപയും അനുവദിച്ച് ഉപകരണങ്ങൾക്കായി കെ.എം.സി.എല്ലിന് വർക്ക് ഓർഡറും നൽകി.
2019ലാണ് തിയറ്റർ നിർമാണം ആരംഭിച്ചത്. നിലവിലുള്ള സൗകര്യംവെച്ച് മാസത്തിൽ 250 മേജർ ശസ്ത്രക്രിയകൾ നടത്തുന്നുണ്ട്. പുതിയ തിയറ്റർ തുറന്നാൽ ഒരേ സമയം ആറുപേർക്ക് ശസ്ത്രക്രിയ നടത്താനാവും. 15 ജീവനക്കാരെ ഇതിന് താൽക്കാലികമായി നിയമിക്കുകയും ചെയ്യും.
ആശുപത്രിയിലെ അംഗീകൃത ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തും. ജനുവരി ഒന്നുമുതൽ കാഷ് കൗണ്ടർ, കാഷ്വാലിറ്റി, ഒ.പി കൗണ്ടർ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. തകർന്ന ചുറ്റുമതിൽ നിർമാണം തുടങ്ങാനും എച്ച്.ടി ട്രാൻസ്ഫോർമർ സ്ഥാപിക്കാനും നടപടി ത്വരിതമാക്കാൻ ജില്ല പഞ്ചായത്ത് അംഗം ഫൈസൽ എടശ്ശേരിയെ യോഗം ചുമതലപ്പെടുത്തി.ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, ഇ. അഫ്സൽ, ഫൈസൽ എടശ്ശേരി, സൂപ്രണ്ട് ഡോ. ബേബി, എച്ച്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.