എം.ഡി.എം.എയുമായി പുളിക്കൽ സ്വദേശി പിടിയിൽ

പുളിക്കൽ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. പുളിക്കൽ വലിയ പറമ്പ് സ്വദേശി മലയിൽ ഷംസുദ്ദീനാണ് (26) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 0.234 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മലപ്പുറം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഷിജുവും സംഘവും നടത്തിയ പരിശോധനക്കിടെ പുളിക്കൽ ആലുങ്ങലിൽവെച്ചാണ് ഷംസുദ്ദീനെ പിടികൂടിയത്.

ചില്ലറ വിൽപനക്കായി വൻകിട ലഹരി മാഫിയകളിൽ നിന്നാണ് ഇയാൾ ഇത്തരം മയക്കുമരുന്ന് വാങ്ങുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളിൽ നിന്ന് സംഘത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഒ. അബ്ദുൽ നാസർ, പ്രിവന്റിവ് ഓഫിസർ എം. വിജയൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കൃഷ്ണൻ, സതീഷ് കുമാർ, പ്രഭാകരൻ, രജീഷ്, ഷംസുദ്ദീൻ, വനിത ഓഫിസർ സിന്ധു, ഐ.ബി ഓഫിസർ സന്തോഷ്, ഡ്രൈവർ അനികുമാർ എന്നിവർ പങ്കെടുത്തു.

Leave a Comment