താനൂർ (മലപ്പുറം): ചോദ്യക്കടലാസ് അബദ്ധത്തിൽ മാറി നൽകിയ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു മാത് സ് പരീക്ഷയെഴുതിയ 10 വിദ്യാർഥികളുടെ ഫലം ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അന്വേഷണ നടപടികളുടെ ഭാഗമായി തടഞ്ഞുവെച്ചു. ഓൾഡ് സ്കീം പരീക്ഷയുടെ 80 മാർക്കിന്റെ മാത് സ് പരീക്ഷ ചോദ്യപേപ്പറാണ് യഥാർഥ ചോദ്യത്തിന് പകരം മാറിനൽകിയത്. പരീക്ഷ അവസാനിക്കാറായപ്പോഴാണ് വിദ്യാർഥികൾക്കും ഇൻവിജിലേറ്റർക്കും അബദ്ധം ബോധ്യമായത്.
ഇതിനകം ചില കുട്ടികൾ ഹാളിൽനിന്ന് പുറത്തിറങ്ങിയിരുന്നു. ഇവരെ വിളിച്ചുവരുത്തി ക്ലാസിലുണ്ടായിരുന്നവരോടൊപ്പം വീണ്ടും ചോദ്യപേപ്പർ നൽകി പരീക്ഷ നടത്തുകയായിരുന്നു. കുട്ടികളുടെ മുന്നിൽവെച്ചാണ് ചോദ്യപേപ്പർ പാക്കറ്റ് പൊട്ടിച്ചത്. പരീക്ഷാനടപടികൾ പൂർത്തിയാക്കി ഉത്തരക്കടലാസുകൾ വൈകീട്ടുതന്നെ ക്യാമ്പുകളിലേക്ക് അയച്ചിരുന്നു.
ഓൾഡ് സ്കീമിൽ ഒരു കുട്ടിയാണ് പരീക്ഷയെഴുതാനുണ്ടായിരുന്നത്. സ്കൂൾ വിഭാഗത്തിൽ 326 പേരാണ് ആകെ പരീക്ഷക്കുണ്ടായിരുന്നത്. ചോദ്യപേപ്പർ പാക്കറ്റിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നെങ്കിലും അബദ്ധത്തിൽ മാറിപൊട്ടിക്കുകയായിരുന്നു. വകുപ്പ്തല അന്വേഷണം നടക്കുന്നതിന്റെ ഭാഗമായാണ് 10 വിദ്യാർഥികളുടെ ഫലം താൽക്കാലികമായി തടഞ്ഞുവെച്ചത്.
ഹയർ സെക്കൻഡറി ബോർഡ് ഡയറക്ടർ തിങ്കളാഴ്ച രാവിലെ 11ന് ഫലം തടഞ്ഞുവെക്കപ്പെട്ട കുട്ടികളുടെ ഹിയറിങ് നടത്തും. ഇതിനുശേഷം കുട്ടികളുടെ ഭാവിയെ ബാധിക്കാത്ത രീതിയിലുള്ള തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം, വീഴ്ച സംഭവിച്ച ഇൻവിജിലേറ്റർ ചുമതലയിലുണ്ടായിരുന്ന അധ്യാപകനെതിരെ വകുപ്പ്തല നടപടിക്ക് സാധ്യതയുണ്ട്.