തിരൂർ: ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഒ.പി കൗണ്ടർ വളഞ്ഞു.രാവിലെ പത്തുമണിയോടുകൂടി ഡ്യൂട്ടി അവസാനിക്കുന്നതിനാലാണ് ടിക്കറ്റ് നൽകാത്തതെന്ന് ഡോക്ടർമാർ പറഞ്ഞതായി നാട്ടുകാർ ആരോപിച്ചു. തിരൂരിലെ ജില്ല ആശുപത്രിയിൽ രണ്ട് സർജറി ഡോക്ടർമാരുണ്ടായിട്ടും പത്തുവരെയേ ഡ്യൂട്ടിയുണ്ടാകൂ എന്ന് പറയുന്നതിൽ എന്ന് ന്യായമാണുള്ളതെന്നാണ് നാട്ടുകാരുടെ ചോദ്യം. വിഷയത്തിൽ ഒത്തുതീർപ്പുണ്ടാക്കാൻ സൂപ്രണ്ടിനെ രോഗികൾ അന്വേഷിച്ചെങ്കിലും 11 ആയിട്ടും സൂപ്രണ്ട് ഡ്യൂട്ടിയിൽ എത്തിയിട്ടില്ല എന്നാണറിയാനാണ് കഴിഞ്ഞതെന്നും നാട്ടുകാർ പറഞ്ഞു. സർജറി ഡോക്ടറെ കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നെത്തിയവർ പോലും മടങ്ങേണ്ട അവസ്ഥയാണുണ്ടായത്.
ഒ.പി കൗണ്ടർ വർധിപ്പിക്കും -ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്
തിരൂർ: തിരൂർ ജില്ല ആശുപത്രിയിൽ രോഗികളുടെ വർധന കണക്കിലെടുത്ത് ഒ.പി കൗണ്ടറുകൾ വർധിപ്പിക്കാനും സർജറി ഡോക്‌ടറുടെ ഒഴിവിനു താൽകാലിക പരിഹാരമായി അഡ്‌ഹോക് മുഖേനയും വർക്കിങ് അറൈഞ്ച്‌മെന്റ് വഴിയും ഡോക്‌ടറെ നിയമിക്കാനും തീരുമാനമായതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. ആശുപത്രി ഒ.പി കൗണ്ടറിലുണ്ടായ പ്രശ്‌നത്തെത്തുടർന്ന് അടിയന്തരമായി ആശുപത്രിയിലെത്തിയ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൻ നസീബ അസീസ് മയ്യേരി, മെംബർമാരായ വി.കെ.എം. ഷാഫി, ഫൈസൽ എടശ്ശേരി എന്നിവർ സൂപ്രണ്ട്, ആർ.എം.ഒ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരുമായി ചർച്ച നടത്തിയ ശേഷം ജില്ല മെഡിക്കൽ ഓഫിസറുമായി ഫോണിൽ സംസാരിച്ചാണു തീരുമാനങ്ങളെടുത്തത്. നിലവിൽ രണ്ട് ഒ.പി കൗണ്ടറുകളാണുള്ളത്. ഇത് നാലായി വർധിപ്പിക്കാനും ആവശ്യമായ കമ്പ്യൂട്ടറുകളും പ്രിന്ററുകളും കെൽട്രോൺ വഴി ലഭ്യമാക്കാൻ കാലതാമസമെടുക്കുന്നതിനാൽ എച്ച്.എം.സി ഫണ്ട് ഉപയോഗപ്പെടുത്തി സ്‌ഥാപിക്കാനും തീരുമാനിച്ചു.
ആശുപത്രിയിൽ ഒഴിവുള്ളതും താൽകാലികമായി നിയമിക്കാൻ കഴിയുന്നതുമായ തസ്‌തികകളിലേക്ക് ഇന്റർവ്യൂ നടത്തി റാങ്ക് പട്ടിക തയാറാക്കാൻ നടപടി സ്വീകരിക്കാൻ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. ജില്ല പഞ്ചായത്തിന്റെ എം.സിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി യോഗ്യരായ ഉദ്യോഗാർഥികളെ ഇന്റേൺസായും ആവശ്യാനുസരണം നിയമിക്കാനും ചർച്ചയിൽ ധാരണയായി.