മലപ്പുറം: മഞ്ചേരി അർബൻ കോ ഓപറേറ്റിവ് ബാങ്കിന്റെ സർവർ ഹാക്ക് ചെയ്ത് 70 ലക്ഷത്തോളം തട്ടിയ രണ്ട് നൈജീരിയൻ പൗരൻമാർ അറസ്റ്റിൽ. ഇമ്മാക്കുലേറ്റ് ചിന്നസ, ഇഖെന്ന കോസ്മോസ് എന്നിവരെയാണ് സൈബർ ക്രൈം ഇൻസ്പെക്ടർ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ 15 ദിവസം ഡൽഹിയിൽ താമസിച്ച് നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്.
ഉപഭോക്താക്കൾ അക്കൗണ്ടിൽ നൽകിയിരുന്ന മൊബൈൽ നമ്പർ മാറ്റി, പകരം വ്യാജ സിം കാർഡ് സംഘടിപ്പിച്ച് ആ നമ്പറുകളിലേക്ക് ഒ.ടി.പി വരുന്ന വിധം സെറ്റ് ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനായി മൊബൈൽ ബാങ്കിങ് ഇല്ലാത്ത ഉപഭോക്താക്കളുടെ ദിവസേനയുള്ള ട്രാൻസാക്ഷൻ പരിധി ഉയർത്തിയാണ് നാല് പേരിൽ നിന്നായി 70 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയത്.
ബിഹാർ, മിസോറം, ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വ്യാജ മേൽവിലാസം ഉപയോഗിച്ചാണ് അക്കൗണ്ട് ഓപൺ ചെയ്തത്. ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് എ.ടി.എം മുഖേനയാണ് ഇവർ തുക പിൻവലിച്ചത്. ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം ഭൂരിഭാഗവും നൈജീരിയയിലേക്ക് കൈമാറ്റം ചെയ്തതായും ഇടനിലക്കാരായി പ്രവർത്തിച്ച് ബാങ്കിടപാടുകൾ നടത്തിയവർക്ക് കമീഷൻ നൽകിയതായും പ്രതികൾ സമ്മതിച്ചു.
ഹാക്ക് ചെയ്ത് കസ്റ്റമർ ഡാറ്റ കൈക്കലാക്കുന്നതിൽ ബാങ്ക് സർവറും മൊബൈൽ ബാങ്കിങ് സെർവറും കൈകാര്യം ചെയ്തിരുന്ന സ്വകാര്യ കമ്പനികൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. ബാങ്ക് മാനേജർ അബ്ദുൽ നാസർ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസാണ് അന്വേഷണം നടത്തിയത്. സൈബർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ റിയാസ്, സി.പി.ഒ കെ.ടി. രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.