കൊച്ചി ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു

കൊച്ചി ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു

Wandoor : കൊച്ചി ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. യുവാവിനെ കൊലപ്പെടുത്തി  ഒളിപ്പിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അർഷാദിൻ്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കൊലപാതകം നടന്നത് ദിവസങ്ങൾക്കു മുമ്പായിരിക്കാമെന്നാണ് പൊലീസ് നിഗമനം. അതേസമയം കൊലപാതകം പുറത്തറിഞ്ഞതോടെ അര്‍ഷാദിൻ്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് വെളിപ്പെടുത്തി. അര്‍ഷാദിനായി ബന്ധുവീടുകളില്‍ പോലീസ് പരിശോധന നടത്തുകയാണ്.

മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്‌സോണിയ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്ളാറ്റിലെ പൈപ്പ് ഡെക്റ്റിനിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജീവിൻ്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അര്‍ഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസിൻ്റെ സംശയം.

കാണാതായ അർഷാദിൻ്റെ ഫോൺ തേഞ്ഞിപ്പാലത്തിന് സമീപമാണ് ഓഫായതെന്നും പൊലീസ് പറയുന്നു. അതേസമയം കൊലപാതകം നടന്നത് ഈ മാസം 12 നും 16 നും ഇടയിലാണെന്നും എഫ്ഐആറില്‍ പൊലീസ് വ്യക്തമാക്കുന്നു. കൊലപാതകം അറിഞ്ഞയുടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അർഷാദിനായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. രണ്ടുദിവസമായി സജീവിനെ ഫോണില്‍ കിട്ടാതായതോടെ ഫ്‌ളാറ്റിലെ സഹതാമസക്കാര്‍ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ളാറ്റ് പുറത്തു നിന്നും പൂട്ടിയ നിലയില്‍ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മരപ്പണിക്കാരനെ കൊണ്ടുവന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ഫ്‌ളാറ്റ് തുറക്കുകയുമായിരുന്നു.

അതേസമയം കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. സജീവിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഫ്ളാറ്റിലെ 16-ാം നിലയിൽ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു സജീവ് കൃഷ്ണൻ. ഇവരുടെ മറ്റൊരു സുഹൃത്താണ് അർഷാദ്. ഇയാൾ ഇടയ്ക്കിടെ ഇവിടെ വന്ന് താമസിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് സുഹൃത്തുക്കളിൽ രണ്ടുപേർ കഴി‌ഞ്ഞ ദിവസം ടൂറിനും മറ്റൊരാൾ കോഴിക്കോട്ടെ വീട്ടിലേക്കും പോയിരുന്നു. തുടർന്നാണ് അർഷാദ് ഇവിടെ എത്തിയതെന്നാണ് വിവരം.

ടൂർ പോയവർ തിങ്കളാഴ്ച പുലർച്ചെ മടങ്ങിയെത്തിയെങ്കിലും ഫ്ളാറ്റ് അടഞ്ഞ നിലയിലായിരുന്നു. സമീപത്ത് റൂമെടുത്ത് താമസിച്ച ഇവർ രാവിലെ 11ഓടെ വീണ്ടുമെത്തിയെങ്കിലും അടഞ്ഞ നിലയിൽതന്നെയായിരുന്നു. തുടർന്ന് സമീപവാസിയായ മരപ്പണിക്കാരനെ കൊണ്ടുവന്ന് വാതിൽ തുറപ്പിച്ചു. അകത്തു കയറിയ സുഹൃത്തുക്കൾ കിടപ്പുമുറിയിൽ രക്തം തളംകെട്ടി കിടക്കുന്നതു കാണുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹോട്ടല്‍ മാനേജ്‌മെൻ്റ് കോഴ്‌സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയതെന്നു സജീവ് കൃഷ്ണയുടെ ബന്ധുക്കൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *