തേഞ്ഞിപ്പലം: വീട്ടുമുറ്റത്ത് നിർത്തിയിട്ട ചേലേമ്പ്ര സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. കൊടിഞ്ഞി സ്വദേശി മാളിയേക്കൽ അബ്ദുസ്സലാമിനെയാണ് (32) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബുള്ളറ്റ് മോഷ്ടിച്ചശേഷം പാർട്സുകൾക്ക് രൂപമാറ്റം വരുത്തി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് 5,000 രൂപക്ക് ഇയാൾ സുഹൃത്തിന് വിൽപന നടത്തുകയായിരുന്നു.
അഞ്ചുമാസം മുമ്പ് തിരൂരിൽ വാഹന പരിശോധന നടത്തുന്നതിനിടെ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ബുള്ളറ്റ് സഹിതം അസൈനാർ എന്നയാളെ പിടികൂടുകയും ഇയാൾ റിമാൻഡിലാവുകയും ചെയ്തിരുന്നു. തുടർന്ന് വാഹനത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ സുഹൃത്ത് കണ്ണമംഗലം സ്വദേശി മൂച്ചിത്തോട്ടത്തിൽ രാജേഷ് കൊടുത്തതാണെന്നും രാജേഷിന് ഇത് വേങ്ങരയിൽ 12 കിലോ കഞ്ചാവുമായി പിടിക്കപെട്ട് ജയിലിലായ വേങ്ങര മണ്ണിൽ വീട്ടിൽ അനിയാണ് കൊടുത്തതെന്നും കണ്ടെത്തിയിരുന്നു. പിടിയിലായ സലാമാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പരാതിക്കാരന്‍റെ ബുള്ളറ്റ് മോഷ്ടിച്ചത്.
നമ്പർ മാറ്റി മൂന്നുമാസത്തോളം ഉപയോഗിക്കുകയും ഇരുകുളത്തുവെച്ച് നടന്ന ഒരു അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ വരുകയും ചെയ്തു. പൊളിമാർക്കറ്റിൽനിന്ന് പാർട്സുകൾ വാങ്ങി രൂപമാറ്റം വരുത്തി അനിയുടെ സഹായത്തോടെ 5000 രൂപക്ക് വിൽപന നടത്തുകയുമായിരുന്നു.
ഇയാളുടെ പേരിൽ ലഹരി കടത്തിനും കേസ് നിലവിലുണ്ട്. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫ്, തേഞ്ഞിപ്പലം ഇൻസ്പെക്ടർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസഫ് ടീം അംഗങ്ങളായ സഞ്ജീവ്, ഷബീർ, രതീഷ്, സബീഷ്, സുബ്രഹ്മണ്യൻ എന്നിവർക്ക് പുറമെ തേഞ്ഞിപ്പലം സ്റ്റേഷനിലെ എ.എസ്.ഐ ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ നവീൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.