മലപ്പുറം: മലപ്പുറം പാലപ്പെട്ടിയില്‍ ദേശീയപാത നിര്‍മ്മാണത്തിനായി 314 ഖബറുകള്‍ പൊളിച്ചുമാറ്റി. മാതൃക കാണിച്ച് പാലപ്പെട്ടി ബദര്‍പള്ളി മഹല്ല് കമ്മറ്റി. ദേശീയ പാതക്കായി പാലപ്പെട്ടി ബദര്‍പള്ളി ഖബര്‍സ്ഥാന്റെ അര ഏക്കറോളം സ്ഥലമാണ് വിട്ടുനല്‍കിയത്. ഈ ഭാഗത്തുണ്ടായിരുന്ന 314 ഖബറുകളാണ് പൊളിച്ചുനീക്കിയത്. പതിനഞ്ച് വര്‍ഷം മുതല്‍ 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഖബറുകളാണ് പൊളിച്ചത്.ജെ.സി.ബി ഉപയോഗിച്ചാണ് ഖബറുകള്‍ പൊളിച്ചുമാറ്റിയത്.
പാലപ്പെട്ടി ബദര്‍പള്ളി മഹല്ല് കമ്മറ്റിയുടെയും ദാറുല്‍ ആഖിറ മയ്യിത്ത് പരിപാലന കമ്മറ്റിയുടെയും നേതൃത്വത്തിലാണ് ഖബര്‍സ്ഥാന്‍ മാറ്റി സ്ഥാപിച്ചത്.എല്ലുകളും, പഴകിയ പോളിസ്റ്റര്‍ തുണികളും മാത്രമാണ് പൊളിച്ച ഖബറുകളില്‍ നിന്ന് ലഭിച്ചത്.പടിഞ്ഞാറ് ഭാഗത്ത് പുതിയ ഖബറുകള്‍ കുഴിച്ച് എല്ലുകള്‍ കഫന്‍ ചെയ്തു.ദേശീയപാതക്ക് സ്ഥലം വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത് മുതല്‍ കഴിഞ്ഞ 15 വര്‍ഷമായി പടിഞ്ഞാറ് ഭാഗത്താണ് ഖബറുകള്‍ കുഴിച്ച് മയ്യിത്ത് സംസ്‌ക്കരിക്കുന്നത്.
അതേസമയം ദേശീയപാത വികസനത്തിൻ്റെ ഭാഗമായി വെളിയങ്കോട് നിര്‍മിക്കുന്ന മതില്‍ പാലം പ്രദേശത്തെ രണ്ടായി വിഭജിക്കുമെന്ന ആശങ്കയിലാണിപ്പോള്‍ പ്രദേശവാസികള്‍. വിഷയത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍. വെളിയങ്കോട് അങ്ങാടിയെ പൂര്‍ണമായും ഇല്ലാതാക്കുന്ന തരത്തില്‍ മതില്‍ പാലം നിര്‍മിക്കുന്നതിനെതിരെയാണ് പ്രദേശവാസികളും വ്യാപാരികളും ഉള്‍പ്പെടെ രംഗത്തെത്തിയത്. വെളിയങ്കോട് ചെറുപള്ളി മുതല്‍ ബീവിപ്പടി വരെയുള്ള നീളത്തില്‍ 30 മീറ്റര്‍ വീതിയില്‍ ഇരുഭാഗത്തെയും മറച്ച് കൊണ്ടുള്ള പാലം നിര്‍മാണം പുരാതന അങ്ങാടിയെ ഇല്ലാതാക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്