വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ആഗസ്റ്റ് 31 മുതൽ സെപ്തംബർ ഏഴുവരെ നടക്കുന്ന വള്ളിക്കുന്ന് ഫെസ്റ്റ് 2022ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. വലുതും ചെറുതുമായ നിരവധി സ്റ്റാളുകൾ മേളയിൽ ഒരുക്കും. രണ്ടുദിവസത്തിനുള്ളിൽ സ്റ്റാളുകൾ സജ്ജമാവും.
ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, കാർഷിക, വ്യാവസായിക, പ്രദർശന വിപണന മേളയ്ക്ക് പുറമെ വിജ്ഞാനത്തിനും വിനോദത്തിനുമുള്ള വേദികൾ ഒരുങ്ങിക്കഴിഞ്ഞു. കുടുംബശ്രീ യൂണിറ്റുകളുടെ പ്രദർശനവും വിപണനവും കൈത്തറി, ഖാദി വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പൂച്ചെടികൾ, തൈകൾ, വിത്തുകൾ, അലങ്കാര മത്സ്യങ്ങൾ, കൺസ്യൂമർ സാധനങ്ങൾ തുടങ്ങിയവയോടൊപ്പം പുസ്തകച്ചന്ത, കലാ-സാംസ്‌കാരിക പരിപാടികൾ, ഫിലിം ഫെസ്റ്റിവൽ, ഫുഡ് കോർട്ട് എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്. ടൂറിസം പരിചയപ്പെടുത്തുന്നതിനുള്ള അവസരവും മേളയിൽ ഉണ്ടാവും.