
പരപ്പനങ്ങാടി: ഒരു സ്വകാര്യ ആശുപത്രി നാടിന്റെ പട്ടിണി മാറ്റുന്നത് വേറിട്ട കാഴ്ചയാണ്. ‘വിശക്കാത്ത പരപ്പനങ്ങാടി’ പദ്ധതിയെ സംഭാവന ചെയ്ത നഹാസ് ചാരിറ്റിയുടെ അധ്യക്ഷൻ ഡോ. മുനീർ നഹ നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെയും ആശ്രയമാണ്. സമയം ഉച്ചയാവുന്നതോടെ എല്ലാ ദിവസവും നഹാസ് ആശുപതിയുടെ മതിലിന് ചാരെയുള്ള ഭക്ഷണ അലമാരയിൽ ഭക്ഷണ പൊതി ആവശ്യക്കാരെ തേടിയെത്തും.
ആവശ്യമനുസരിച്ച് ആർക്കും ഭക്ഷണ പൊതികൾ എടുത്തു കൊണ്ടു പോകാം. നിയന്ത്രിക്കാൻ ഇവിടെ ആരുമില്ല. ഇത് ഫോട്ടോ എടുക്കാനോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനോ പാടില്ലന്നാണ് ചട്ടം. അലമാരയിൽ വെജിറ്റേറിയനും നോൺ വെജിറ്റേറിയനും ഉണ്ടാകും. ആവശ്യക്കാർക്ക് ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാം
വർഷങ്ങൾക്ക് മുമ്പ് തുടക്കമിട്ട പദ്ധതി ഒരു ദിവസം പോലും മുടങ്ങിയിട്ടില്ല. ധാരാളം വൃക്ക രോഗികളുള്ള പരപ്പനങ്ങാടിയിൽ ഇത്തരക്കാർക്ക് അനിവാര്യ ചികിത്സ സഹായം നൽകാനും ഇവിടെ പദ്ധതിയുണ്ട്. കൊടും വെയിലിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പരപ്പനങ്ങാടിയുടെ കിഴക്കൻ പ്രദേശങ്ങളിലേക്ക് ശുദ്ധ ജലമെത്തിക്കുന്നതുൾപ്പടെയുള്ള പദ്ധതികളും നഹാസ് ചാരിറ്റിയുടെ ഭാഗമാണ്. ലഹരിക്കെതിരെ മാരത്തൽ സംഘടിപ്പിച്ചും നഹാസ് ചാരിറ്റി ഇതിനകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഡോ. മുഹമ്മദ് നഹ സ്ഥാപിച്ച നഹാസ് ആശുപത്രി, മക്കളായ ഡോ. മുനീർ നഹ, ഫാർമസി വിഭാഗം മേധാവി സലിം നഹ, മരുമകൾ ഡോ. റജീന മുനീർ നഹ എന്നിവരുടെ മേൽ നോട്ടത്തിൽ ഇതിനകം ശ്രദ്ധിക്കപ്പെട്ട മൾട്ടി നാഷണൽ ആശുപത്രിയായി മാറിയിട്ടുണ്ട്. പ്രശസ്തമായ ഐ.വി.എഫ് ചികിത്സ കേന്ദ്രംകൂടിയാണിത്. മെഡിക്കൽ ഓഫിസറായി സർവിസിൽനിന്ന് വിരമിച്ച പിതാവ് ഡോ. മുഹമ്മദ് നഹയാണ് ആശുപത്രിയുടെ സ്ഥാപകൻ. പിതാവിന്റെ ഉപദേശമാണ് മകൻ ഡോ. മുനീർ നഹക്ക് ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കാൻ വെളിച്ചമേകുന്നത്.