MANJERI: കോവിഡ് വ്യകുറഞ്ഞതോടെ മാസ്‌കിന്റെ ഡിമാന്റും കുറഞ്ഞു. എന്നാല്‍ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ബ്ബന്ധമാക്കിയ മാസ്‌ക് കൊള്ള ലാഭമെടുത്ത് വില്‍പ്പന നടത്തുന്നതായി പരാതി. നേരത്തെ 100 മാസ്‌കിന്റെ പായ്ക്കറ്റിന് 350 രൂപയാണ് മൊത്ത വിപണിയിലുണ്ടായിരുന്ന വില. ഈ സമയത്ത് ത്രീലെയര്‍ മാസ്‌കിന് സംസ്ഥാന സര്‍ക്കാര്‍ ഒന്നിന് അഞ്ചു രൂപ വില നിശ്ചയിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണ വിധേയമായതോടെ പലരും മാസ്‌ക് ഉപയോഗിക്കുന്നതില്‍ കണിശത കാണിക്കാതെയായി. അധികൃതരും നിഷ്‌ക്കര്‍ഷത പുലര്‍ത്താതെയായി. മാസ്‌ക് വിപണിയില്‍ ഡിമാന്റ് കുറഞ്ഞതോടെ മൊത്തക്കച്ചവടക്കാര്‍ വില 350ല്‍ നിന്നും 120 ആക്കി കുറച്ചു.
ആശുപത്രികളിലും മറ്റും ഇപ്പഴും മാസ്‌ക് കര്‍ശനമാക്കിയിട്ടുണ്ട്. ആശുപത്രി പരിസരത്തുള്ള കടകളില്‍ മാസ്‌കിന് അഞ്ചു രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. ഇത് ചോദ്യം ചെയ്താല്‍ കടയുടമ സര്‍ക്കാരിന്റെ സര്‍ക്കുലര്‍ കാണിക്കും. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം പ്രതിദിനം ആയിരക്കണക്കിനാളുകള്‍ വരുന്നുണ്ട്. മാസ്‌ക് വില്‍പ്പനയിലൂടെ കൊള്ള ലാഭമാണ് വ്യാപാരികളുണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മാസ്‌കിന് വില പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സാലിം മഞ്ചേരി, മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് ഉള്ളാടം കുന്ന് എന്നിവര്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് നിവേദനം നല്‍കിയത്. നിവേദനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയതായും ഉടന്‍ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.