പിണറായി ചതിപ്രയോഗത്തിലൂടെ മലപ്പുറത്തെ അപമാനിച്ചു -കെ.സി. വേണുഗോപാല്‍

നിലമ്പൂര്‍: ചതിയെക്കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യന്‍ ചതിപ്രയോഗത്തിലൂടെ പൂരം കലക്കി തൃശൂരില്‍ ബി.ജെ.പിയെ വിജയിപ്പിച്ച പിണറായി വിജയനാണെന്ന് എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. നിലമ്പൂര്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ച അതേ വേദിയിലാണ് കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കിയത്.

പൂരം കലക്കി ചതിപ്രയോഗത്തിലൂടെയാണ് തന്നെ തോല്‍പ്പിച്ചതെന്ന് പറഞ്ഞത് പിണറായിയുടെ മന്ത്രിസഭയിലുണ്ടായിരുന്ന മുന്‍ മന്ത്രി തന്നെയാണ്. മലപ്പുറം ജില്ലക്കെതിരെ വലിയ ചതിപ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രി. സ്വര്‍ണക്കടത്തിന്‍റെയും കള്ളപ്പണത്തിന്‍റെയും നാടെന്ന് പറഞ്ഞ് മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു. ആ ചതിപ്രയോഗം നടത്തിയത് മറക്കാനാവില്ല. ഹിന്ദു ദിനപത്രത്തില്‍ നല്‍കിയ അഭിമുഖത്തില്‍ 150 കിലോ സ്വര്‍ണവും 123 കോടി രൂപയും മലപ്പുറത്തു നിന്നും മാത്രം പിടിച്ചു, അത് തീവ്രവാദ-ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതായിരുന്നു എന്ന് പറഞ്ഞ് മലപ്പുറം ജില്ലയെ അപമാനിച്ചത് മുഖ്യമന്ത്രിയാണ്. അദ്ദേഹമാണ് മലപ്പുറത്ത് വന്ന് ചതിയെക്കുറിച്ച് പറയുന്നത്. മലപ്പുറത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള മുഖ്യമന്ത്രിയുടെ ചതിപ്രയോഗത്തിനുള്ള ചേതോവികാരം എന്തായിരുന്നു? -കെ.സി. വേണുഗോപാൽ ചോദിച്ചു.

നിലമ്പൂരിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വാതന്ത്ര്യ സമരത്തിന് ഏറെ സംഭാവനകള്‍ ചെയ്ത മലപ്പുറത്തെ പാരമ്പര്യം കണക്കിലെടുക്കാതെയാണ് അപമാനിച്ചത്. അഭിവന്ദ്യനായ പാണക്കാട് തങ്ങളെയും വെറുതെ വിട്ടില്ല. ജാതിയും മതവും പറഞ്ഞ് ആളുകൾ തമ്മിലടിക്കാന്‍ ശ്രമിക്കുമ്പോള്‍ സമാധാന ദൂതുമായി എത്തുന്നവരാണ് പാണക്കാട്ട് തങ്ങന്‍മാര്‍. എല്ലാവരും ആദരിക്കുന്ന എന്നും മതസാഹോദര്യ നിലപാട് കൈക്കൊള്ളുന്ന പാണക്കാട് തങ്ങളെ പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ തീവ്രവാദത്തിന് അനുകൂല നിലപാടെടുക്കുന്നത് ഒഴിവാക്കണമെന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

മുഖ്യമന്ത്രി മലപ്പുറത്ത് വരുമ്പോള്‍ ദേശീയപാത തകര്‍ന്ന കൂരിയാട് സന്ദര്‍ശിക്കുമെന്നാണ് കരുതിയത്. ദേശീയ പാത തകര്‍ച്ചയില്‍ അന്വേഷണം നടത്തണമെന്ന് പോലും ഇതുവരെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല. അതെല്ലാം ശരിയാകുമെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഇതിലെ അഴിമതിയും കൊള്ളയും ശരിയാകുമെന്നാണോ പറയുന്നത്? -അദ്ദേഹം ചോദിച്ചു.

പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി പറഞ്ഞിട്ടാണ് ദേശീയ പാത ചെയര്‍മാനും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും അന്വേഷണം നടത്തുന്നതെന്നും പി.എ.സി ചെയര്‍മാന്‍ കൂടിയായ കെ.സി വേണുഗോപാല്‍ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കേരളത്തിലെ ദേശീയ പാത നിര്‍മ്മാണത്തില്‍ നടന്നിരിക്കുന്നതെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും ദേശീയപാത ചെയര്‍മാനും നല്‍കിയ കണക്കുകള്‍ പറയുന്നത്. മാധ്യമങ്ങള്‍ക്ക് രഹസ്യ സര്‍ക്കുലര്‍ നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഞങ്ങള്‍ പരസ്യം തരും, അത് തലേദിവസം വാര്‍ത്തയായി കാണിക്കണമെന്നാണ് പറയുന്നത്. സര്‍ക്കുലറിന്റെ കോപ്പി കൈയ്യിലുണ്ട്. അതുകൊണ്ടാണ് ആധികാരികമായി പറയുന്നത്. കേരളത്തിലെ മാധ്യമങ്ങള്‍ അത്തരമൊരു കെണിയില്‍ വീഴുമെന്ന് കരുതുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് കൈക്കൂലി നല്‍കുന്നത് പോലെയാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ രണ്ട് ഗഡു നല്‍കുന്നത്. മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഒന്നും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

ബി.ജെ.പിയുടെ ഉദ്ദേശം നിലമ്പൂരില്‍ നടക്കാന്‍ പോകുന്നില്ല. ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞത്. തൃശൂര്‍ മോഡല്‍ ആവര്‍ത്തിക്കുമെന്ന് പ്രചരണം വന്നപ്പോഴാണ് ഒരു സ്ഥാനാര്‍ത്ഥിയെ തേടിപ്പിടിച്ച് രംഗത്തിറക്കിയത്. നിലമ്പൂരിലെ പോരാട്ടം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ദുര്‍ഭരണം അവസാനിപ്പിക്കാനുള്ള പോരാട്ടമാണ്. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്വല ഭൂരിപക്ഷത്തോടെ വിജയിക്കും. നിലമ്പൂരിന്റെ വികസനത്തിനായി യു.ഡി.എഫ് ഒറ്റക്കെട്ടായി ഉണ്ടാകുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

നിയോജകമണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ഇഖ്ബാല്‍ മുണ്ടേരി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ്, എം.എം. ഹസന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, സി.പി. ജോണ്‍, മോന്‍സ് ജോസഫ്, എന്‍.കെ. പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ്, പി.എം.എ. സലാം, എം.പി. അബ്ദുസമദ് സമദാനി എം.പി, എം.കെ. മുനീര്‍, പി.വി. അബ്ദുല്‍വഹാബ് എം.പി, ജി. ദേവരാജന്‍, എം.കെ. മുനീര്‍, കെ.സി. ജോസഫ്, ബെന്നി ബെഹ്‌നാന്‍ എം.പി, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, ഷാഫി പറമ്പില്‍ എം.പി, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി തുടങ്ങിയവര്‍ സംസാരിച്ചു. 

Leave a Comment