നിലമ്പൂര്‍: നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയില്‍ റെയില്‍വേ അടിപ്പാത നിര്‍മാണം പുരോഗമിക്കുന്നു. ഇരുമ്പു ബീമിലൂടെ പാളങ്ങള്‍ സ്ഥാപിച്ച് നിലവിലെ പാതയിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള ഗാട്ട് പ്രവൃത്തികളാണ് നടക്കുന്നത്. നിലവിലെ പാതയില്‍ പാളം മുറിച്ച് നീക്കി ഇവ കൂട്ടിചേര്‍ക്കുന്നതോടെ പാലത്തിനു താഴെയുള്ള മണ്ണ് നീക്കല്‍ ജോലികള്‍ പൂര്‍ത്തീകരിക്കും. പൂര്‍ണമായും ഇരുമ്പ് ബീമിലേക്ക് ട്രാക്ക് മാറ്റുന്ന പ്രവൃത്തി 75 ശതമാനത്തോളം പൂര്‍ത്തിയായി.
കഴിഞ്ഞ ദിവസം റെയിൽവേ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അപാകതകള്‍ പരിഹരിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ഗാട്ട് പ്രവൃത്തികള്‍ രാത്രിയിലും തുടരുകയാണ്. ഇത് പൂര്‍ത്തിയാവുന്നതോടെ ഇരുമ്പ് ബീം വഴിയുള്ള ട്രാക്കിലൂടെയാവും ട്രെയിനുകള്‍ സഞ്ചരിക്കുക.
പൂക്കോട്ടുംപാടം ഭാഗത്തേക്കുള്ള പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. നിലമ്പൂര്‍ ഭാഗത്തേക്ക് മണ്ണ് നീക്കി റോഡ് നിര്‍മിച്ചുകഴിഞ്ഞിട്ടുണ്ട്. കരാര്‍ കാലാവധി അവസാനിക്കുന്ന അടുത്ത മേയിനു മുമ്പായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. പ്രവൃത്തി ആരംഭിച്ച ശേഷം നിലമ്പൂര്‍ അടിപ്പാത നിർമാണം പല കാരണങ്ങളാൽ തടസ്സപ്പെട്ടിരുന്നു. പരിസരവാസികള്‍ ആക്ഷന്‍ സമിതി രൂപവത്കരിച്ചും ജനപ്രതിനിധികളില്‍ സമ്മര്‍ദം ചെലുത്തിയുമാണ് പ്രവൃത്തി വേഗത്തിലാക്കാന്‍ സാധിച്ചയത്.