വള്ളിക്കുന്ന്: ഒലിപ്രംകടവ് ജങ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ഒന്നാംഘട്ട പ്രവൃത്തിക്ക് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. പദ്ധതിയുടെ ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ, മൈലാഞ്ചി വളവിൽനിന്ന് നേരത്തെ രണ്ടുഘട്ടങ്ങളിലായി നടപ്പാക്കിയ അഴുക്കുചാൽ നിർമാണത്തിന്റെ ഔട്ട്ലെറ്റിലേക്കുള്ള തുടർ പ്രവൃത്തിക്കായി ഒന്നാംഘട്ടമായി 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല. രണ്ടാം ഘട്ടമായി നൽകിയ ഒലിപ്രംകടവ് കലുങ്കിൽനിന്നും മുക്കത്തക്കടവ് റോഡ് വഴി പുഴയിലേക്ക് എത്തിക്കുന്ന അഴുക്കുചാൽ നിർമാണ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. ഇതുസംബന്ധിച്ച് ജനപ്രതിനിധികളടക്കമുള്ളവരിൽനിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു.