അരീക്കോട്: മൈത്രയിൽ നടക്കുന്ന ഏഴാമത് ഏറനാട് ജലോത്സവത്തിനുള്ള തോണികൾ നീറ്റിലിറക്കി. ഞായറാഴ്ച ആരംഭിക്കുന്ന ജലോത്സവത്തിന്റെ ഭാഗമായി പി.കെ. ബഷീർ എം.എൽ.എയുടെ നേതൃത്വത്തിലാണ് തോണികൾ ചാലിയാറിൽ ഇറക്കിയത്.
പരമ്പരാഗത രീതിയിൽ വഞ്ചിപ്പാട്ടുകൾ ഉൾപ്പെടെ പാടി ആവേശത്തോടെയാണ് സംഘാടകർ തോണി പുഴയിൽ എത്തിച്ചത്. സാധാരണ രീതിയിൽ ജലോത്സവത്തിനുള്ള തോണി അതാത് ടീമുകളാണ് കൊണ്ടുവരാറ്. എന്നാൽ കുറച്ചു വർഷങ്ങളായി മത്സരത്തിന്റെ ഫലപ്രഖ്യാപനം സുഖമാക്കുന്നതിന് വേണ്ടി സംഘാടകർ തന്നെയാണ് മത്സരത്തിന് ഒരേ നീളത്തിലും വീതിയിലും ഉള്ള തോണി നൽകുന്നത്.
അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ മൈത്ര വൈറ്റ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് ഏറനാട് ജലോത്സവം സംഘടിപ്പിക്കുന്നത്. 1996ലാണ് സീതി ഹാജി മെമ്മോറിയൽ ഏറനാട് ജലോത്സവത്തിന് തുടക്കം കുറിക്കുന്നത്.
തുടർന്ന് മികച്ച രീതിയിൽ മുന്നോട്ടുപോയ ജലോത്സവം പിന്നീട് മൈത്രപാലം നിർമാണവുമായി ബന്ധപ്പെട്ട് താത്കാലികമായി നിർത്തിവെച്ചു. തുടർന്ന് നീണ്ട 18 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ന് മൈത്ര കടവ് വീണ്ടും മറ്റൊരു ഏറനാട് ജലോത്സവത്തിന് സാക്ഷിയാകാൻ ഒരുങ്ങുന്നത്. ജലോത്സവം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. പി.കെ. ബഷീർ എം.എൽ.എ അധ്യക്ഷത വഹിക്കും.
അരീക്കോട്ടയും പരിസര പ്രദേശത്തെയും 16 ടീമുകളാണ് ജലോത്സവത്തിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതിന് ഘോഷയാത്രയോടു കൂടിയാണ് ജലോത്സവ പരിപാടികൾക്ക് തുടക്കമാവുക.