ചങ്ങരംകുളം: കക്കിടിപ്പുറത്ത് അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് ജലസേചനം നടത്തിയയാളെ മലപ്പുറം വിജിലൻസ് സംഘം പിടികൂടി. കക്കിടിപ്പുറം മൂർക്കത്തേതിൽ സജീവനാണ് (55) പിടിയിലായത്.വയലിൽ കൃഷിക്ക് വെള്ളം പമ്പ് ചെയ്യാൻ സമീപത്തു കൂടെ പോകുന്ന വൈദ്യുതി കമ്പിയിൽനിന്ന് കമ്പി കൊളുത്തി വൈദ്യുതി എടുക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ഇതേ തുടർന്ന് ചങ്ങരംകുളം പൊലീസ്, ചങ്ങരംകുളം കെ.എസ്.ഇ.ബി അധികൃതർ എന്നിവരുടെ ഇടപെടലിലൂടെ മലപ്പുറം വിജിലൻസ് സംഘം സ്ഥലം സന്ദർശിക്കുകയും വൈദ്യുതി മോഷണം ബോധ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജലസേചനത്തിന് ഉപയോഗിച്ച പമ്പ്സെറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾക്ക് പിഴ ചുമത്തിയതായി വിജിലൻസ് പറഞ്ഞു.