കൊണ്ടോട്ടി: എം.ഡി.എം.എ വില്പന നടത്തുന്നതിനിടെ ലഹരി സംഘത്തിലെ പ്രധാനി കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. ഫറോക്ക് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടില്‍ കൊടക്കാട്ട് ഷൈനാണ് (40) അറസ്റ്റിലായത്.
കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് ലഹരിയുൽപന്നങ്ങള്‍ വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണിയാളെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈദ്യരങ്ങാടി പൊറ്റയില്താഴത്തുവെച്ചാണ് ഷൈനെ പൊലീസ് സംഘം വലയിലാക്കിയത്. വില്പനക്കെത്തിച്ച അഞ്ച് ഗ്രാം എം.ഡി.എം.എയും കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു.
മൂന്ന വര്‍ഷം മുമ്പ് 56 ഗ്രാം എം.ഡി.എം.എയുമായി പരപ്പനങ്ങാടി പൊലീസ് പിടികൂടിയ കേസില്‍ ജയിലിലായിരുന്ന ഷൈന്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.
തുടര്‍ന്ന് വീണ്ടും ലഹരി വില്പനയില് സജീവമാകുകയായിരുന്നെന്നും ഇയാളുള്‍പ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊണ്ടോട്ടി ഡിവൈ.എസ്.പി സേതു, ഇന്‍സ്പെക്ടര്‍ പി.എം. ഷമീര്‍, സബ് ഇന്‍സ്പെക്ടര്‍ പ്രിയന് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘവും കൊണ്ടോട്ടി പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടി കേസില്‍ തുടരന്വേഷണം നടത്തുന്നത്.