പെരിന്തൽമണ്ണ: കവിയും പ്രഭാഷകനുമായ പെരിന്തൽമണ്ണ ഏലംകുളത്തെ വി.പി. വാസുദേവൻ (79) അന്തരിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയായി എം.എൻ. വിജയനോടൊപ്പം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
ഏലംകുളം ഗ്രാമത്തിൽ എൻ.കെ. ഗോപാലൻ നായരുടെയും വി.പി. ദേവകിയമ്മയുടെയും മകനായി 1946ൽ ജനിച്ചു. വല്ലപ്പുഴ ഹൈസ്കൂളിലും പട്ടാമ്പി സംസ്കൃത കോളജിലും പഠനം പൂർത്തിയാക്കി. പരന്ന വായനയിലേക്കും സൂക്ഷ്മ വിശകലനങ്ങളിലേക്കും നയിച്ച കോളജ് പഠനകാലവും സാഹിത്യക്യാമ്പുകളും അദ്ദേഹത്തെ സാഹിത്യ പ്രസ്ഥാനത്തിന്റെ മുൻനിര സംഘാടകനാക്കുകയും ചെയ്തു. 1966ൽ ഭാഷാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. വിരമിക്കാൻ രണ്ടുവർഷം ശേഷിക്കെ 1998 ആഗസ്റ്റ് 31ന് ജോലി സ്വയം രാജിവെച്ച് മുഴുവൻസമയ സാംസ്കാരിക പ്രവർത്തകനായി.
തിരൂർക്കാട് ഹൈസ്കൂൾ, അങ്ങാടിപ്പുറം തരകൻ, പട്ടിക്കാട് ജി.എച്ച്.എസ്.എസ്, നിലമ്പൂർ മാനവേദൻ, പെരിന്തൽമണ്ണ ജി.എച്ച്.എസ്.എസ്, മങ്കട ജി.എച്ച്.എസ്.എസ്.എസ്, മക്കരപ്പറമ്പ് ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ മലയാളം അധ്യാപകനായിരുന്നു. 1973ലെ പണിമുടക്ക് സമരത്തെ തുടർന്ന് ഒരു വർഷം ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. തുടർന്ന് 1976ൽ കുന്നക്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകനായി.
ഭാഷാധ്യാപക സംഘടന സംസ്ഥാന സെക്രട്ടറി, കെ.ജി.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ആശയപരമായ ഭിന്നതകളാൽ പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികളോടൊപ്പം സി.പി.എമ്മുമായി അകന്നെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി സി.പി.എമ്മുമായി നല്ല അടുപ്പത്തിലായിരുന്നു.
ശക്തിഗീതങ്ങൾ, ഒഡീസിയസ്സിന്റെ പാട്ട്, സ്പാർട്ടക്കസ്, ക്യൂബൻ വിപ്ലവത്തിന്റെ ഇതിഹാസം (വിവർത്തനം), വായനയുടെ മാനങ്ങൾ എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ. ഭാര്യ: കെ.വി. കോമളവല്ലി. മക്കൾ: വി.പി. വിമൽ (യു.എസ്.എ), കെ.വി. ലാൽ (ഡെന്മാർക്). മരുമക്കൾ: രജിത, അമ്പിളി (ഇരുവരും സീമൻസ്, ബംഗളൂരു). സംസ്കാരം ശനിയാഴ്ച ഏലംകുളത്തെ തറവാട്ട് വളപ്പിൽ.