കൊണ്ടോട്ടി: മോങ്ങത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കവര്‍ച്ചാശ്രമ കേസില്‍ ബംഗാള്‍ സ്വദേശിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ ഉത്തര്ദിനാജ്പൂര് സ്വദേശി മുഖ്താറുല് ഹഖ് (33) ആണ് പിടിയിലായത്. നവംബര്‍ അഞ്ചിന് പുലര്‍ച്ചെ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വള്ളുവനാട് ഈസി മണി എന്ന സ്ഥാപനത്തിന്റെ ഷട്ടര്‍ തകര്‍ത്ത് അകത്തുകയറിയ പ്രതി ഓഫിസിനകത്തെ വാതില്‍ പൊളിക്കുന്നതിനിടെ അലാറം മുഴങ്ങിയതോടെ മോഷണ ശ്രമം ഉപക്ഷിച്ച് പിന്തിരിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സ്ഥാപനത്തിന്റെ മാനേജര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കൊണ്ടോട്ടി പൊലീസ് മോങ്ങത്തെയും പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. മോഷ്ടാവിന്റേതെന്ന് സംശയിച്ച ദൃശ്യങ്ങള്‍ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കേരള പൊലീസിന്റെ ദൃശ്യജാലക സംവിധാനത്തിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതി മുഖ്താറുല് ഹഖ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. കൊണ്ടോട്ടി ഡിവൈ.എസ്.പി കെ.സി. സേതുവിന്റെ നേതൃത്വത്തിലുള്ള ആന്റി തെഫ്റ്റ് സ്ക്വാഡ് നടത്തിയ തുടരന്വേഷണത്തില്‍ പ്രതി ഒരു മാസം മുമ്പ് ഇരിങ്ങാലക്കുട സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതാണെന്ന് വ്യക്തമായി. കോഴിക്കോട് മാങ്കാവില്‍ മറ്റൊരു മോഷണത്തിന് തയാറെടുക്കുന്നതിനിടെയാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും മോഷണത്തിനുപയോഗിച്ച സാമഗ്രികള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ തൃശൂര്‍, എറണാകുളം ജില്ലകളിലായി നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്. കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ പി.എം. ഷമീര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ എസ്.കെ. പ്രിയന്, ജീജോ, ആന്റി തെഫ്റ്റ് സ്ക്വാഡ് അംഗങ്ങളായ ഋഷികേശ്, അമര്‍നാഥ്, വിഷ്ണു, കൊണ്ടോട്ടി പൊലീസ് എ.എസ്.ഐ അബ്ദുല്‍ ജബ്ബാര്‍, പൊലീസ് ഓഫിസര്‍മാരായ ഫിറോസ്, പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.