ചങ്ങരംകുളം: വളയംകുളത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറത്തുനിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും മോഷണം നടന്ന വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. വളയംകുളം അസ്സബാഹ് കോളജിനടുത്ത് താമസിക്കുന്ന ചെറുകര റഫീക്കിന്റെ വീട്ടിലാണ് വ്യാഴാഴ്ച മോഷണം നടന്നത്.
അലമാരയില്‍ സൂക്ഷിച്ച നാലര പവന് തൂക്കം വരുന്ന ആഭരണങ്ങളും 30,000 രൂപയും 150 ഒമാനി റിയാലും നഷ്ടമായി. ബന്ധുവീട്ടില്‍ പോയി രാവിലെ നാലോടെ തിരിച്ചെത്തിയ റഫീക്കിനെയും കുടുംബത്തെയും കണ്ടതോടെ മോഷ്ടാക്കള്‍ ഇറങ്ങി ഓടുകയായിരുന്നു.
മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ബൈക്ക് റോഡരികില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. രക്ഷപ്പെട്ട മോഷ്ടാക്കള്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള പാവിട്ടപ്പുറത്ത് ഹാരിസ് എന്നയാളുടെ വീട്ടിലെ ബൈക്ക് എടുത്താണ് രക്ഷപ്പെട്ടതെന്നാണ് വിവരം.
തെളിവെടുപ്പിന് എത്തിച്ച പൊലീസ് നായ് മണം പിടിച്ച് ബൈക്ക് മോഷണം പോയ ഹാരിസിന്റെ വീടിനടുത്തേക്കാണ് ഓടിക്കയറിയത്. പ്രദേശത്തെ സി.സി.ടി.വിയില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.