തിരുനാവായ: സൗത്ത് പല്ലാർ-തെക്കൻ കുറ്റൂർ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രധിഷേധിച്ച് റോഡരികിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ നാട്ടുകാർക്ക് കൗതുകമായി. തിരുനാവായ സൗത്ത് പല്ലാർ റോഡിലെ കെ.എസ്.ഇ.ബി പരിസരങ്ങളിലും തിരുത്തി മേഖലയിലുമാണ് ഇത്തരം പോസ്റ്ററുകൾ പതിപ്പിച്ചത്. ചലച്ചിത്രതാരം തിലകൻ മകനോട് പറയുന്നതുപോലുള്ള വാക്കുകളാണ് പോസ്റ്ററിലുള്ളത്. ഈ മേഖലയിൽ വെള്ളവും ചളിയും കെട്ടിനിൽക്കുന്നതിനാൽ കാൽനട യാത്രപോലും ദുസ്സഹമാണ്.
തിരുനാവായയിൽനിന്ന് സൗത്ത് പല്ലാറിലേക്കുള്ള ഏക റോഡ് കൂടിയാണ് ഈ റോഡ്. റോഡാകെ തകർന്നതിനാൽ തിരുനാവായയിൽനിന്ന് ഓട്ടോറിക്ഷ വരുന്നില്ല. വരുന്നവരാകട്ടെ അമിത തുക വാങ്ങുന്നു. ഈ റോഡിലൂടെ തിരൂരിലേക്ക് മാത്രം ഒരു സ്വകാര്യ ബസ് സർവിസ് തുടങ്ങീട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളു. യാത്രക്കാർ കൂടിയാൽ തിരിച്ചും ഇത് വഴി ബസ് സർവിസ് നടത്താമെന്ന് ബസുടമകൾ ഉറപ്പ് നൽകിയതുമായിരുന്നു. മേഖലയിലുള്ള സാധാരണക്കാരുടെ ഏക പൊതുഗതാഗതം പോലും റോഡിന്റെ ശ്വാച്യാവസ്ഥയിൽ സർവിസ് നിർത്തിയതിനാൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
കെ.എസ്.ഇ.ബി മുതൽ എം.ഇ.എസ് സ്കൂൾ ജങ്ഷൻ വരെ റോഡ് താഴ്ന്ന നിലയിലും ഇരുവശങ്ങളിലെ പാർശ്വഭിത്തികൾ ഇല്ലാത്തതുമാണ് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത്. അതുകൊണ്ടാണ് റോഡിന്റെ നില ഇത്രയും പരിതാപകരമായത്. ആദ്യഘട്ടം എന്ന നിലയിൽ കെ.എസ്.ഇ.ബി മുതൽ എം.ഇ.എസ് സ്കൂൾ ജങ്ഷൻ വരെ റോഡ് വാർശ്വഭിത്തി കെട്ടിയും റോഡ് ഉയർത്തി ടാർ ചെയ്യാൻ അധികാരികൾ കണ്ണ് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.