വഴിക്കടവ്: ആനമറിയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നാശം വരുത്തി. അറൈൻകുഴി മുഹമ്മദാലി, ഈന്തൻകുഴിയൻ യൂസഫ്, സഹോദരൻ മുഹമ്മദാലി, നെയ് വാതുക്കൽ സൈതലവി, ബൽക്കീസ് എന്നിവരുടെ വാഴ, കമുക് കൃഷികളാണ് കാട്ടാനക്കൂട്ടം കയറി നശിപ്പിച്ചത്. നെല്ലിക്കുത്ത് വനാതിർത്തി പ്രദേശമായ ഇവിടം കാട്ടാനശല്യം മൂലം നാട്ടുകാർ പൊറുതിമുട്ടിയിരിക്കുകയാണ്. വീട്ടുമുറ്റത്തിറങ്ങുന്ന കാട്ടാനക്കൂട്ടം ബഹളം വെച്ചാലും പടക്കം പൊട്ടിച്ചാലും കാടുകയറാൻ കൂട്ടാക്കുന്നില്ല.
പുലർച്ചയാണ് കാട്ടാനകൾ കാടുകയറുന്നത്. പത്ര വിതരണക്കാർക്കും മദ്റസ വിദ്യാർഥികൾക്കും ഏറെ ഭീഷണിയാവുന്നുണ്ട്. മേഖലയിൽ ദിനം പ്രതി എന്നോണം ആന ശല്യമുണ്ട്. ഇവിടെ നെല്ലിക്കുത്ത് വനാതിർത്തിയിൽ വനംവകുപ്പ് തൂക്ക് ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും 400 മീറ്റർ ഭാഗത്ത് ഫെൻസിങ് ഇല്ല. ഇതുവഴിയാണ് കാട്ടാനകൾ നാട്ടിലേക്കിറങ്ങുന്നത്. ശേഷിച്ച ഭാഗത്ത് കൂടി തൂക്കുവേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ മുറവിളിക്ക് വനം വകുപ്പ് ഇതുവരെ ചെവിക്കൊടുത്തിട്ടില്ല.