മലപ്പുറം: കോഓഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസ് (സി.ഐ.സി), ഖാസി ഫൗണ്ടേഷൻ വിഷയങ്ങളിൽ രൂക്ഷ വിമർശനവുമായി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. സമസ്തയെ വെല്ലുവിളിച്ച് പുതിയ കൂട്ടായ്മ ഉണ്ടാക്കുന്നുവെന്നും അതിരുവിട്ടാൽ ആയുധങ്ങൾ പുറത്തെടുക്കുമെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കി. യോഗ്യതയില്ലാത്ത പലരും ഖാസിമാരായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“തനിക്ക് ഖാസി ആവണമെന്ന് ചിലർക്കുണ്ട്. രാഷ്ട്രീയത്തിന്‍റെ പേരിൽ ഖാസിയാക്കാൻ ചിലരുണ്ട്. ഖാസിയാകാൻ ഇസ് ലാമിക നിയമങ്ങളുണ്ട്. അത് പാലിക്കാതെ പലരും ഖാസി ആകുന്നു. മുമ്പിൽ വരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള വിവരം ഒരു ഖാസിക്ക് വേണം. അത് ഉണ്ടെന്ന് അവർ അവകാശപ്പെടുന്നില്ല. കിത്താബ് ഓതിയ ആളാണെന്ന് ആരും പറയുന്നുമില്ല.
സി.ഐ.സി വിഷയത്തിൽ സമസ്ത ഒരു കാര്യം പറഞ്ഞു. അത് കേൾക്കാനും തയാറില്ല. പണ്ട് അങ്ങനെയാണോ. സമസ്ത പറയുന്ന കാര്യങ്ങളുടെ കൂടെയാണ് സാദാത്തുക്കൾ നിന്നിരുന്നത്, ഇതിന് തയാറാകുന്നില്ല. ഇപ്പോൾ സമസ്തയെ വെല്ലുവിളിച്ച് വേറെ പാർട്ടി ഉണ്ടാക്കുകയാണ്. നമ്മുടെ കൈയിൽ ആയുധങ്ങളുണ്ടെന്ന് അവർ കരുതിയിരുന്നോണം. ആയുധങ്ങൾ ഉള്ളത് കൊണ്ട് നമ്മളത് ദുരുപയോഗം ചെയ്യാതെ, ആവശ്യം വരുമ്പോൾ അത് എടുക്കുമെന്ന ഭയം നിങ്ങൾക്കുള്ളത് നല്ലതാ. നിങ്ങൾ അതിരുവിട്ട് പോകുന്നുണ്ട്.
വിവരമില്ലാത്തവരെ ഖാസിയാക്കിയാൽ അവിടത്തെ ഖാസിയല്ലേ ആവുകയുള്ളൂ. എല്ലാവരെയും വിളിച്ചുകൂട്ടി ഖാസി ഫൗണ്ടേഷൻ, ഇതിന്‍റെ അർഥമെന്താണ്. ഇതൊന്നും നമുക്ക് അറിയില്ലെന്ന് വിചാരിച്ചോ?. ഖാസിമാരെ നമുക്കറിയാം, എന്നാൽ ഖാസി ഫൗണ്ടേഷൻ എന്ന് കേട്ടിട്ടുണ്ടോ?” -ഉമർ ഫൈസി മുക്കം ചൂണ്ടിക്കാട്ടി.
ഒരു ഇടവേളക്ക് ശേഷമാണ് സമസ്തയിലെ ഒരു വിഭാഗവും മുസ് ലിം ലീഗും പാണക്കാട് കുടുംബവുമായി വീണ്ടും നേർക്കുനേർ വരുന്നത്. സി.ഐ.സിയുമായുള്ള സമസ്തയിലെ ഒരു വിഭാഗം തമ്മിലുള്ള തർക്കത്തെ തുടർന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളും ഉമർ ഫൈസി മുക്കവും മുമ്പ് രംഗത്തുവന്നിരുന്നു. തുടർന്ന് സി.ഐ.സിയുമായി സഹരിക്കേണ്ടെന്നും സമസ്ത തീരുമാനിച്ചു.
ഇതേതുടർന്ന് സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ നീക്കി സമസ്തയുമായി ഒത്തുതീർപ്പിലായി. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇടപെട്ട് ഹക്കീം ഫൈസി ആദൃശ്ശേരിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തിരികെ എത്തിച്ചു. ഇത് സമസ്തക്കെതിരായ നീക്കമായി ഒരു വിഭാഗം കാണുന്നു.
പാണക്കാട്ടെ തങ്ങൾമാർ ഖാസിമാരുടെ കൂട്ടായ്മയായി ഖാസി ഫൗണ്ടേഷന് രൂപം നൽകിയിരുന്നു. ഫൗണ്ടേഷന്‍ നിരവധി യോഗങ്ങൾ ചേരുകയും ചെയ്തു. ഇതും സമസ്തക്കെതിരായ നീക്കമായി ഒരു വിഭാഗം കരുതുന്നു.