മലപ്പുറം: സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ എം.എൽ.എ. മോഹൻദാസ് ഒന്നാംതരം വർഗീയവാദിയാണെന്നും പക്കാ ആർ.എസ്.എസുകാരനാണെന്നും അൻവർ ആരോപിച്ചു. താൻ മുസ്‍ലിമായതിനാലാണ് അദ്ദേഹത്തിന് തന്നോട് വിരോധം. മോഹൻദാസിന് ഇസ്‍ലാമെന്നാൽ ഭീകരതയാണ്. ക്രിസ്ത്യൻ ന്യൂനപക്ഷത്തോടും കടുത്ത വിരോധമുള്ളയാളാണ് മോഹൻദാസ്. ഇപ്പോൾ സി.പി.എം നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളിൽ തനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നവർ തന്റെ നിലപാടുകളോട് യോജിപ്പുള്ളവരാണെന്നും അൻവർ പറഞ്ഞു.
സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ പലതും പറയാനുണ്ട്. അത് നാളത്തെ പൊതുയോഗത്തിൽ വെളിപ്പെടുത്തും. നിലമ്പൂരിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പാർട്ടി നേതൃത്വം തന്നെ അവഗണിച്ചു. മുഖ്യമന്ത്രിയടക്കം നേതാക്കളാരും പ്രചാരണത്തിലെത്തിയില്ല. എല്ലാത്തിനും പിന്നിൽ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസായിരുന്നു.
ആറുമാസം മുമ്പ് ഇ എൻ മോഹൻ ദാസിനെ ആർ.എസ്.എസ് ബന്ധത്തിന്റെ പേരിൽ ജില്ലാ കമ്മറ്റി ഓഫീസിൽ വച്ച് ഒരു സെക്രട്ടറിയറ്റ് അംഗം കയ്യേറ്റം ചെയ്തിട്ടുണ്ട്. ചവിട്ടിവീഴ്ത്തി കോളറിന് പിടിച്ചു. ഇ എൻ മോഹൻ ദാസ് രാവും പകലും ആർ.എസ്.എസിനു വേണ്ടിയാണ് മലപ്പുറത്ത് പ്രവർത്തിക്കുന്നത്. മത ന്യൂനപക്ഷങ്ങൾക്ക് ഫണ്ട് കൊടുക്കലല്ല സർക്കാർ നിലപാട് എന്നു പറഞ്ഞ് ഇ.എൻ. മോഹൻദാസ് പല തവണ തടഞ്ഞതായും അൻവർ ആരോപിച്ചു.