പുലാമന്തോൾ: ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് കുന്തിപ്പുഴ പാറക്കടവിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. മൂർക്കനാട് സ്വദേശി പരേതനായ വെള്ളിത്തൊടി രാമക്കുറുപ്പിന്റെ മകൻ ശശികുമാറിനെ (51) ആണ് കാണാതായത്.
ഓണവധിക്ക് കിളിക്കുന്ന്കാവ് ആലിക്കൽ ഭഗവതി ക്ഷേത്രത്തിനടുത്ത ഭാര്യ സഹോദരിയുടെ വീട് കൂടൽ ചടങ്ങിന് എത്തിയതായിരുന്നു. തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് പുഴ കാണാനെത്തിയത്. അടുത്ത വീട്ടിൽനിന്ന് വസ്ത്രം വാങ്ങി കുന്തിപ്പുഴ പാറക്കടവിൽ നീന്താനിറങ്ങിയത് കണ്ട് അടിയൊഴുക്കുണ്ടെന്ന് പറഞ്ഞ് പലരും വിലക്കിയെങ്കിലും വകവെച്ചില്ലെന്നും നീന്തിക്കൊണ്ടിരിക്കെ ഒന്നുരണ്ട് പ്രാവശ്യം മുങ്ങി പൊങ്ങിയ ശേഷം പുഴയിൽ കാണാതാവുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
നാട്ടുകാരുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാറക്കൂട്ടങ്ങൾ നിറഞ്ഞ ഇവിടെ വലിയ രീതിയിൽ ഒഴുക്കുണ്ട്. വിവരമറിഞ്ഞ് കൊളത്തൂർ പൊലീസ് സംഭവസ്ഥലത്തെത്തി. വളാഞ്ചേരി പൈലിപ്പുറത്ത് നിന്നുള്ള മുങ്ങൽ വിദഗ്ദ്ധരും ഫയർ ഫോഴ്സും സ്ഥലത്ത് തിരച്ചിൽ നടത്തി. രാത്രി ഒമ്പത് മണിയോടെ തിരച്ചിൽ നിർത്തിവെച്ചു.