വണ്ടൂർ: നടുവത്ത് നിപ ബാധിച്ച് മരിച്ച 24 കാരൻ ഇരുമ്പൻപുളി കഴിച്ചിരുന്നതായി ബന്ധുക്കൾ. വീടിന് സമീപത്തെ മരത്തിൽ നിന്നാണ് പുളി പറിച്ചത്. യുവാവിന്റെ സഞ്ചാരപാത പരിശോധിക്കാൻ നാലംഗ സംഘത്തെ ചുമതലപ്പെടുത്തി.
കഴിഞ്ഞ 23ന് പുലർച്ചെ നാട്ടിലെത്തിയ യുവാവിന് സെപ്റ്റംബർ ആറിനാണ് പനി ബാധിച്ചത്. ഇതോടെ 27, 28, 29, 30 തീയതികളിൽ യുവാവ് എവിടെയൊക്കെ പോയെന്ന് കണ്ടെത്തുകയാണ് ആരോഗ്യവകുപ്പ്.
നാലംഗസംഘമാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത്. ഉറവിടം സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നിഗമനം വന്നാൽ മാത്രമേ വ്യക്തത ലഭിക്കൂ.
മഞ്ചേരി മെഡി. കോളജിൽ ട്രയാജ് സംവിധാനം
മഞ്ചേരി: മലപ്പുറം ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ ട്രയാജ് സംവിധാനം ഏർപ്പെടുത്തി. നിപ സാന്നിധ്യം കണ്ടെത്തിയ മേഖലയിൽ നിന്നെത്തുന്നവർക്കും രോഗിയുമായി രണ്ടാം സമ്പർക്കത്തിലുള്ളവർക്കും പരിഗണന നൽകാനാണ് ഈ സംവിധാനം. ആശുപത്രിയിലെത്തുന്ന രോഗികളുടെ ശരീര താപനില, ഓക്സിജൻ ലെവൽ, രക്തസമ്മർദം തുടങ്ങിയവ ആദ്യം രേഖപ്പെടുത്തും.
നഴ്സിങ് സൂപ്രണ്ടിനോ അത്യാഹിത വിഭാഗത്തിന്റെ ചുമതലയുള്ള ഹെഡ് നഴ്സിനോ അല്ലെങ്കിൽ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സിനോ ആണ് ട്രയാജിന്റെ ചുമതല. രോഗികളുടെ ആരോഗ്യനില പരിശോധിച്ച് ഏത് വിഭാഗമാണെന്ന് തീരുമാനിക്കുന്നത് ഇവരുടെ ചുമതലയാണ്.
സാമ്പിളുകൾ പരിശോധിച്ചത് മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ബയോ സേഫ്റ്റി ലെവൽ-2 വൈറോളജി ലാബ് പ്രവർത്തനസജ്ജമായി. അക്കാദമിക് കെട്ടിടത്തിലെ ആർ.ടി.പി.സി.ആർ ലാബിനോട് ചേർന്നാണ് പുതിയ ലാബ് സജ്ജീകരിച്ചിരിക്കുന്നത്.
നിപ വൈറസ് ബാധയെത്തുടർന്ന് മരിച്ച വണ്ടൂർ നടുവത്ത് സ്വദേശിയുടെ ബന്ധുക്കളായ പത്ത് പേരുടെ സ്രവസാമ്പിളുകൾ പരിശോധിച്ചാണ് പ്രവർത്തനം തുടങ്ങിയത്. ഇവർ ആശുപത്രിയിലെ പ്രത്യേക വാർഡിൽ നിരീക്ഷണത്തിലാണ്. സ്രവസാമ്പിളുകൾ ആശുപത്രിയിൽ തന്നെ പരിശോധിക്കാനായതിനാൽ വൈറസ് ബാധ നേരത്തേ കണ്ടെത്താനായി.
ലക്ഷണങ്ങളുള്ളവർക്ക് രോഗം മൂർച്ഛിക്കുന്നതിനു മുമ്പുതന്നെ വിദഗ്ധ ചികിത്സ നൽകാനും ഇതിലൂടെ സാധിക്കും. പ്രാഥമിക പരിശോധനയിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയാല് മാത്രം സൂക്ഷ്മപരിശോധനക്കായി പുണെ വൈറോളജി ലാബിലേക്കയക്കാനാണ് നിർദേശം.
ജില്ലയിൽ വൈറസ്ബാധ മൂലമുള്ള രോഗങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ വൈറോളജി ലാബ് സജ്ജീകരിച്ചത്. ഇതിനായി 1.96 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് തുറന്നു
കോഴിക്കോട്: നിപ ബാധിച്ച് മലപ്പുറം തിരുവാല സ്വദേശിയായ യുവാവ് മരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജിൽ വീണ്ടും ഐസൊലേഷൻ വാർഡ് തുറന്നു. പതിവുപോലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേ വാർഡ് കെട്ടിടത്തിന്റെ താഴെ നിലയിലാണ് ഐസൊലേഷൻ വാർഡ് ഒരുക്കിയത്. നിലവിൽ മലപ്പുറത്തു നിന്ന് നിരീക്ഷണത്തിലുള്ള ആരെയും കോഴിക്കോട്ടേക്ക് മാറ്റിയിട്ടില്ല.
നിപ ലക്ഷണങ്ങളോടെ അത്യാഹിത വിഭാഗം, ഒ.പി. എന്നിവിടങ്ങളിൽ വരുന്നവരെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കും. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.