തിരൂരങ്ങാടി: ലഹരി കൈവശം വെച്ചെന്നാരോപിച്ച് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം മരിച്ച മമ്പുറം സ്വദേശി താമിർ ജിഫ്രി കേസിലെ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി ഉടൻ കുറ്റപത്രം സമർപ്പിക്കണമെന്ന് സഹോദരൻ ഹാരിസ് ജിഫ്രി. എം.ഡി.എം.എ കൈവശം വെച്ചെന്ന് പറഞ്ഞ് കഴിഞ്ഞവർഷം ചേളാരിയിൽ പൊലീസ് ഡാൻസാഫ് സംഘം പിടികൂടിയ താമിർ, താനൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് കൊല്ലപ്പെട്ടത്.
അന്നത്തെ ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസുൾപ്പെടെയുള്ളവർക്കെതിരെ അന്നുതന്നെ ആരോപണമുയർന്നിരുന്നു. കുടുംബത്തിന്റെ നിരന്തര ആവശ്യത്തെ തുടർന്ന് അന്വേഷണം സർക്കാർ സി.ബി.ഐക്ക് കൈമാറുകയായിരുന്നു. എന്നാൽ, ഒരു വർഷത്തോളമായിട്ടും സി.ബി.ഐ അന്വേഷണം മന്ദഗതിയിലാണെന്ന് ഹാരിസ് ജിഫ്രി ‘മാധ്യമ’ത്തോട് പറഞ്ഞു.
തുടക്കത്തിലുണ്ടായ താൽപര്യം സി.ബി.ഐക്ക് കുറഞ്ഞോയെന്ന് സംശയിക്കുന്നു. എസ്. സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേസിൽ അദ്ദേഹത്തെയും പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐക്ക് വീണ്ടും കത്ത് നൽകിയിട്ടുണ്ട്. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.