കാളികാവ് (മലപ്പുറം): കർഷകർക്കും നാട്ടുകാർക്കും തുണയായി കാളികാവിലും ചോക്കാടും വീണ്ടും കാട്ടുപന്നി വേട്ട. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ, കൂരിപ്പൊയിൽ, കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് വെള്ളയൂർ പ്രദേശങ്ങളിലാണ് വേട്ട നടത്തിയത്. കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഷിജിമോൾ, ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദ്ദീൻ എന്നിവരുടെ മേൽനോട്ടത്തിലാണ് അനുമതി നൽകിയത്.
പതിനൊന്ന് പന്നികളെയാണ് വ്യാഴാഴ്ച വെടിവെച്ച് കൊന്നത്. വേട്ടപ്പട്ടികളുടെ സഹായത്തോടെയാണ് പന്നികളെ പുറത്തുചാടിച്ചത്. പാലക്കാട് മലബാർ ആർമറി ഉടമ പി.എസ്. ദിലീപ് മേനോൻ, എം.എം. സക്കീർ ഹുസൈൻ പെരിന്തൽമണ്ണ എന്നിവരുടെ നേതൃത്വത്തിലാണ് വെടിവച്ചുകൊന്നത്.
വേട്ടക്കിടെ മാളിയേക്കലിൽ വേട്ടക്കാരൻ പെരിന്തൽമണ്ണ സ്വദേശി താമരത്ത് അയ്യപ്പനെ പന്നി ആക്രമിച്ചു. കിണറ്റിലേക്ക് വീണ അയ്യപ്പൻ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊന്ന പന്നികളെ നടപടിക്രമങ്ങൾ പാലിച്ച് കാളികാവ് ഫോറസ്റ്റ് ഓഫിസിന് സമീപത്തെ റബർ തോട്ടത്തിൽ സംസ്കരിച്ചു.