കൊണ്ടോട്ടി: വില്പനക്കായി കൊണ്ടുവന്ന 7.2 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടോട്ടി പൊലീസ് പിടികൂടി.
പശ്ചിമ ബംഗാളിലെ ബർധമാന്‍ മന്‍ഡേശ്വര്‍ സ്വദേശികളായ അസ്ഫര്‍ അലി (32), മക്ബൂല്‍ ഷെയ്ക്ക് (36) എന്നിവരാണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണിവരെന്ന് പൊലീസ് പറഞ്ഞു.
അസ്ഫര്‍ അലിയാണ് ശനിയാഴ്ച പുലര്‍ച്ചെ തീവണ്ടി മാർഗം കഞ്ചാവ് എത്തിച്ചത്. വില്പനക്കായി ചെറിയ പാക്കറ്റുകളിലാക്കിയ കഞ്ചാവ് കൊണ്ടോട്ടി നീറ്റാണിമ്മലില്‍ മക്ബൂലിന് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരെയും പിടികൂടുകയായിരുന്നു.
അസ്ഫര്‍ അലി ബംഗാളില്‍ കൊലപാതക ശ്രമക്കേസില്‍ പ്രതിയാണ്. ജില്ല പൊലീസ് മേധാവി എസ്. ശശിധരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ നീക്കം. കൊണ്ടോട്ടി ഡിവൈ.എസ്.പി സിദ്ദിഖിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍സ്പെകര്‍ ദീപകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ സൂരജ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുബ്രഹ്മണ്യന്, അജിത്ത്, ഹരിലാല്‍ എന്നിവരും ഡാന്‍സാഫ് ടീമംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ വലയിലാക്കിയത്.
കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയാണെന്നും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.