വേങ്ങര: ഗ്രാമ പഞ്ചായത്തിലെ വലിയോറ വലിയതോട് പാർശ്വഭിത്തി കെട്ടി സംരക്ഷിക്കാത്തതിനാൽ കടലുണ്ടിപ്പുഴയിൽ വെള്ളമുയരുമ്പോൾ വലിയോറപ്പാടത്തേക്ക് ഒഴുകിയെത്തുന്നതായി പ്രദേശവാസികളുടെ പരാതി.
വലിയതോടിന്റെ അരികിടിഞ്ഞ് പാണ്ടികശാലയിലും പരിസരത്തും തോട്ടിലെ വെള്ളം പരന്നൊഴുകി പ്രദേശത്ത് പ്രളയദുരിതം അനുഭവിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഏതാനും മീറ്റർ ഭാഗത്ത് മാത്രമാണ് ഈ തോടിന് പാർശ്വഭിത്തിയുള്ളത്. വലിയോറ പാടശേഖരത്തിലെ ചാലി ഭാഗത്തുനിന്ന് തുടങ്ങി കടലുണ്ടിപ്പുഴയിലേക്ക് ഒഴുകുന്ന ഈ തോട് മൂഴിയംകടവിലാണ് അവസാനിക്കുന്നത്.
ഒരു കിലോമീറ്ററോളം നീളമുള്ള ഈ തോട് വലിയോറ പാടശേഖരത്തിൽനിന്നും കടലുണ്ടിപ്പുഴയിലേക്ക് വെള്ളം ഒഴുകുന്ന പ്രധാന ജലാശയമാണ്. വേങ്ങര ഗ്രാമപഞ്ചായത്തിലെ 17, 18 വാർഡുകളുടെ അതിർത്തി പ്രദേശം കൂടിയാണ് ഈ തോട്. ഇതിന്റെ മുക്കാൽഭാഗം നീളംവരുന്ന ഭാഗത്ത് ഇരുകരകളിലായി നിരവധി വീടുകളുണ്ട്. കടലുണ്ടിപ്പുഴയിൽ വെള്ളം ഉയരുന്നതോടെ വലിയതോട് മാർഗം വലിയോറ പാടത്തേക്ക് തിരിച്ചൊഴുകുകയാണ്. അതുകൊണ്ട് തന്നെ തോടിന്റെ ഇരുഭാഗത്തും താമസിക്കുന്ന നൂറിലധികം കുടുംബങ്ങൾ ഏറെ ഭീതിയോടെയാണ് കഴിയുന്നത്.
തോട്ടിൽ മണ്ണും ചെളിയും നിറഞ്ഞ് തോട് ആഴം കുറവായതിനാൽ ഒഴുക്കിന് തടസ്സം നിൽക്കുന്ന സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. തോടിന്റെ സമീപത്തുള്ള ഭൂമിയിലെ മരങ്ങളും മറ്റും തോട്ടിലേക്ക് മറിഞ്ഞു വീഴുന്നത് കാരണം വ്യാപക കരയടിച്ചിലും ഉണ്ടാകുന്നുണ്ട്.
അതേസമയം, വലിയതോട് പാർശ്വ ഭിത്തികെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ കൃഷി-ജലസേചന വകുപ്പ് മന്ത്രിമാർക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖേന പദ്ധതി സമർപ്പിച്ചതാണെന്നും എന്നാൽ പദ്ധതി നടപ്പാക്കാൻ സർക്കാർ അനാസ്ഥ കാണിക്കുകയാണെന്നും വാർഡ് മെംബർ യൂസുഫലി വലിയോറ ആരോപിക്കുന്നു.